ലൂണ ഈ സീസണിൽ കളിക്കില്ല, പകരക്കാരനെ സ്വന്തമാക്കുമെന്ന് സ്ഥിരീകരിച്ച് ഇവാൻ വുകോമനോവിച്ച് | Adrian Luna

പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ പൂർത്തിയായ അഡ്രിയാൻ ലൂണക്ക് ഈ സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ അദ്ദേഹത്തിന് പകരക്കാരനെ സ്വന്തമാക്കുമെന്ന് സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചാബ് എഫ്‌സിയുമായി നടന്ന മത്സരത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയത്. ആദ്യം ഒരു മത്സരം മാത്രമേ താരത്തിന് നഷ്‌ടമാകൂ എന്നാണു കരുതിയതെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഈ സീസണിന്റെ അവസാനമാകുമ്പോഴേക്കും താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ന് പുറത്തു വന്ന റിപ്പോർട്ടുകളും ഇവാന്റെ പ്രസ്‌താവനയും ലൂണ ഈ സീസണിൽ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നതാണ്.

“അഡ്രിയാൻ ലൂണക്ക് പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കും. ഞങ്ങൾ അതുമായി ബന്ധപ്പെട്ട തിരക്കുകളിൽ തന്നെയാണ്. ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ച് ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ ലൂണയുടെ പകരക്കാരനെ ഞങ്ങൾ കണ്ടെത്തി ടീമിലെത്തിക്കും.” അൽപ്പസമയം മുൻപ് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കി. ഇതോടെ ജനുവരിയിൽ ഒരു വിദേശതാരം ബ്ലാസ്റ്റേഴ്‌സിൽ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

നിലവിൽ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ആരായിരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. നേരത്തെ യുറുഗ്വായ് താരമായ നിക്കോളാസ് ലോഡെയ്‌റോയുടെ പേര് ലൂണയുടെ പകരക്കാരനായി ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം പുറത്തു വന്ന റിപ്പോർട്ടുകൾ അതിനെ പൂർണമായും നിഷേധിക്കുന്നതാണ്. കോപ്പ അമേരിക്ക നേടിയിട്ടുള്ള മുപ്പത്തിനാലുകാരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് താത്പര്യമില്ലെന്നാണ്‌ ഒടുവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. ടീമിന്റെ ഓരോ നീക്കങ്ങളിലും പ്രധാനിയായ ലൂണയുടെ പകരക്കാരൻ മികച്ചൊരു താരം തന്നെയാകണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എങ്കിൽ മാത്രമേ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് കിരീടം പ്രതീക്ഷിക്കാൻ കഴിയൂ. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരെയാണ് സ്വന്തമാക്കുകയെന്നു കാത്തിരിക്കുകയാണ് ടീമിന്റെ ആരാധകർ.

Kerala Blasters Will Sign Adrian Luna Replacement