ഏതെങ്കിലുമൊരു താരത്തെ സ്വന്തമാക്കുകയല്ല ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം, ലൂണക്ക് മികച്ച പകരക്കാരൻ വരുമെന്ന സൂചന നൽകി ഇവാൻ | Vukomanovic

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിന്റെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെങ്കിലും അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു വെളിപ്പെടുത്തൽ പരിശീലകനായ ഇവാൻ വുകോമനോവിച്ച് ഇന്നു നടത്തിയിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ യുറുഗ്വായ് താരത്തിന് പകരക്കാരനായി മറ്റൊരു വിദേശതാരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് ഇവാൻ പറഞ്ഞത്.

പരിക്കേറ്റു ശസ്ത്രക്രിയ കഴിഞ്ഞ അഡ്രിയാൻ ലൂണ സീസണിന്റെ അവസാന ഘട്ടത്തിലെങ്കിലും ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതിനുള്ള സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചില്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസൺ അവതാളത്തിലാകും. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അഡ്രിയാൻ ലൂണയെന്നതിനാൽ അതിനൊത്ത ഒരു പകരക്കാരനെ ആവശ്യവുമാണ്.

ഇന്ന് പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ജനുവരിയിൽ മികച്ച താരത്തെത്തന്നെ ടീമിലേക്ക് എത്തിക്കാനാണ് പദ്ധതിയെന്നാണ് ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. “ഒരു താരത്തെ ടീമിലെത്തിക്കാൻ വേണ്ടി ഏതെങ്കിലും താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സിനു യാതൊരു താൽപര്യവുമില്ല. ടീമിന് എന്തെങ്കിലും നൽകാൻ കഴിയുന്ന ഒരു കളിക്കാരനെയാണ് വേണ്ടത്.” ഇവാൻ പറഞ്ഞു.

എന്നാൽ ടീമിന് എന്തെങ്കിലും നൽകാൻ കഴിയുന്ന ഒരു താരം എന്നതിലുപരി ടീമിനെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരാളെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നത്. അഡ്രിയാൻ ലൂണ ടീമിന്റെ എഞ്ചിനായി പ്രവർത്തിച്ച താരമാണ്. അതുകൊണ്ടു തന്നെ പകരക്കാരനായി വരുന്ന താരത്തിന് അതെ മികവ് പ്രകടിപ്പിക്കാൻ കഴിയേണ്ടത് ടീമിന്റെ മുന്നോട്ടു പോക്കിന് അനിവാര്യമാണ്.

നിലവിൽ ലൂണയുടെ പകരക്കാരനായി ഒരു താരത്തെയും ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയിട്ടില്ല, നിക്കോളാസ് ലോഡെയ്‌റോ അഭ്യൂഹങ്ങളൊക്കെ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വിപണി കൂടുതൽ വ്യക്തമാകും. അതിൽ നിന്നും മികച്ചൊരു താരത്തെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വമുള്ളത്.

Vukomanovic Want A Good Player To Replace Luna