കരാർ ബാക്കിയുണ്ടെങ്കിലും അവർ തുടരുമെന്ന് ഉറപ്പായിട്ടില്ല, രണ്ടു വിദേശതാരങ്ങളുടെ കാര്യത്തിൽ അപ്‌ഡേറ്റുമായി മാർക്കസ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു വിദേശതാരങ്ങളുടെ കാര്യത്തിൽ അപ്‌ഡേറ്റുമായി പ്രമുഖ ജേർണലിസ്റ്റ് മാർക്കസ് മെർഗുലാവോ. ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര, ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജോഷുവ സോട്ടിരിയോ എന്നിവരുടെ ഭാവിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകുകയാണ് മാർക്കസ് മെർഗുലാവോ ചെയ്‌തത്‌.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന റിപ്പോർട്ടുകളിൽ ജോഷുവ സോട്ടിരിയോയുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് റദ്ദാക്കിയെന്നു പറഞ്ഞിരുന്നു. ക്ലബുകളിൽ ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലെന്ന പുതിയ നിയമമാണ് താരത്തെ ഒഴിവാക്കാൻ കാരണമെന്നാണ് വ്യക്തമാക്കിയത്. എന്നാൽ ഈ വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നാണ് മാർക്കസ് മെർഗുലാവോ പറയുന്നത്.

“പെപ്രക്കും സോട്ടിരിയോക്കും അടുത്ത സീസൺ അവസാനിക്കുന്ന 2025 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ബാക്കിയുണ്ട്. എന്നാൽ ഇവർ രണ്ടു പേരും ക്ലബിൽ തുടരുമെന്ന കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് വിരുദ്ധമായി ഇന്നുവരെ സോട്ടിരിയോയുടെ കരാർ റദ്ദാക്കപ്പെട്ടിട്ടില്ല.” മാർക്കസ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ പോലും ബൂട്ടണിയാൻ കഴിയാതെ പരിക്കേറ്റു പുറത്തു പോയ താരമാണ് ജോഷുവ സോട്ടിരിയോ. അതുകൊണ്ടു തന്നെ താരത്തിന്റെ പ്രകടനത്തിന്റെ നിലവാരം പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. സോട്ടിരിയോയുടെ കരാർ റദ്ദാക്കണമെങ്കിൽ നഷ്‌ട പരിഹാരവും നൽകേണ്ടി വരും.

അതേസമയം കഴിഞ്ഞ സീസണിൽ ഫോമിലേക്ക് വന്നതിനു ശേഷം പരിക്കേറ്റു പുറത്തു പോയ താരമാണ് പെപ്ര. പ്രെസിങ് മെഷീനായ താരത്തെ നിലനിർത്തണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിക്കുന്നുണ്ടെങ്കിലും സ്റ്റാറെയുടെ പദ്ധതികൾക്ക് യോജിക്കുമോയെന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. പുതിയ പരിശീലകൻ വന്നതിനു ശേഷമാകും ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക.