ഫിഫ നിലവാരത്തിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ വരുമെന്നുറപ്പായി, ഓരോ സ്റ്റേഡിയത്തിലും ഇരുപതിനായിരം പേർക്കിരിക്കാം | Kerala

കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിൽ കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ നിർമിക്കാൻ എണ്ണൂറു കോടി രൂപയുടെ നിക്ഷേപം വന്നത് വാർത്തകളിൽ നിറഞ്ഞു നിന്ന കാര്യമായിരുന്നു. എന്നാൽ ഇലക്ഷൻ അടുത്തതിനാൽ വോട്ടു നേടുന്നതിനു വേണ്ടിയുള്ള വാഗ്‌ദാനം മാത്രമായി അതിനെ പലരും വിലയിരുത്തി. ഇതിനു മുൻപ് പ്രഖ്യാപിച്ച പദ്ധതികളൊന്നും കൃത്യമായി നടപ്പിലായിട്ടില്ലെന്നും ചിലർ ചൂണ്ടിക്കാട്ടി.

എന്നാൽ കേരളത്തെ ഒരു ഫുട്ബോൾ ഹബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിന്റെ കൃത്യമായ രൂപത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തിൽ എട്ടു സ്റ്റേഡിയങ്ങൾ നിർമിക്കാനുള്ള പദ്ധതി സർക്കാരിന്റേതല്ല, മറിച്ച് വ്യവസായികളായ മീരാൻസ് ഗ്രൂപ്പാണ് ഇതിനു വേണ്ട നിക്ഷേപവും പ്രവർത്തനവും നടത്തുന്നത്.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്നു പുറത്തു വന്നിട്ടുണ്ട്. മീരാൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വ്യക്തിയായ മാത്യു ജോസഫ് വെളിപ്പെടുത്തിയത് പ്രകാരം മൂന്നു ഘട്ടങ്ങളായി സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ 15000 മുതൽ 20000 പേർക്കിരിക്കാവുന്ന സ്റ്റേഡിയങ്ങൾ ഫിഫ നിലവാരത്തിൽ ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് സ്റ്റേഡിയങ്ങൾ നിർമിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. മീരാൻസ് ഗ്രൂപ്പും കേരള ഫുട്ബോൾ അസോസിയേഷനും ഇക്കാര്യത്തിൽ സഹകരിച്ച് പ്രവർത്തിക്കും. അതിനു പുറമെ സംസ്ഥാനത്തിൽ നാല് ഫുട്ബോൾ പരിശീലന കേന്ദ്രങ്ങളും അവർ ആരംഭിക്കും.

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഒരുപാട് ആവേശം നൽകുന്നതാണ് ഈ വാർത്ത. ഫുട്ബോളിന് വളരെയധികം വളക്കൂറുള്ള കേരളത്തിൽ അടിസ്ഥാനസൗകര്യങ്ങൾ പരിമിതമാണ്. ഈ സ്റ്റേഡിയങ്ങൾ നിർമിച്ചു കഴിഞ്ഞാൽ കേരളത്തിലെ ഫുട്ബോളിന്റെ വളർച്ചക്ക് അത് സഹായിക്കുമെന്നതിനു പുറമെ വമ്പൻ പോരാട്ടങ്ങളും കേരളത്തിലേക്ക് വരാൻ അവസരമൊരുങ്ങും.

Meerans Group To Built 8 Stadiums In Kerala