മെസിയുണ്ടാക്കുന്ന ഇമ്പാക്റ്റ് അവിശ്വസനീയം, ആർക്കും മറികടക്കാൻ കഴിയാത്ത പ്രകടനമികവ്

കോപ്പ അമേരിക്കയും യൂറോ കപ്പും ഒരുമിച്ച് നടത്താൻ തുടങ്ങിയിട്ട് വളരെക്കുറച്ച് കാലമേ ആയിട്ടുള്ളൂ. കഴിഞ്ഞ തവണ ആദ്യമായി അത്തരത്തിൽ നടന്നപ്പോൾ ഇറ്റലി യൂറോ കപ്പും അർജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കി. അതിനടുത്ത വർഷം നടന്ന ഫൈനലൈസിമ പോരാട്ടത്തിൽ ഇറ്റലിയെ കീഴടക്കി അർജന്റീന കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

രണ്ടു ടൂർണമെന്റുകളും ഒരുമിച്ച് നടക്കുന്നതിനാൽ ഇവയിലെ കണക്കുകൾ തമ്മിലുള്ള താരതമ്യം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. നിരവധി മികച്ച താരങ്ങൾ രണ്ടു ടൂർണമെന്റുകളിലും കളിക്കുന്നുണ്ട് എന്നതു തന്നെയാണ് അതിനു കാരണം. ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും താരതമ്യം ചെയ്‌തുള്ള പോസ്റ്റുകളും കുറവല്ല.

എന്തായാലും അത്തരത്തിൽ പുറത്തു വന്ന ഒരു കണക്ക് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഈ രണ്ടു ടൂർണ്ണമെന്റിലും ഇതുവരെ ഏറ്റവുമധികം വമ്പൻ അവസരങ്ങൾ സൃഷ്‌ടിച്ച താരങ്ങളുടെ കണക്കെടുത്താൽ അക്കാര്യത്തിൽ ലയണൽ മെസി ഒരുപാട് മുന്നിലാണ്. ആറ് അവസരങ്ങളാണ് കോപ്പ അമേരിക്കയിൽ ലയണൽ മെസി ഇതുവരെ അർജന്റീന ടീമിനായി സൃഷ്‌ടിച്ചിട്ടുള്ളത്.

മെസി ആറ് അവസരങ്ങൾ സൃഷ്‌ടിച്ചപ്പോൾ യൂറോയിൽ ഏറ്റവുമധികം അവസരങ്ങൾ ഉണ്ടാക്കിയ താരം ഹംഗറിയുടെ റോളണ്ട് സല്ലായ് ആണ്. കോപ്പയിൽ മെസിക്ക് പിന്നിലുള്ളത് യുറുഗ്വായ് താരമായ നാൻഡസാണ്. മെസി കോപ്പയിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിൽ യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും പൂർത്തിയായിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.

ഇത്തവണ യൂറോ കപ്പിനെക്കാൾ ആരാധകർക്ക് ആവേശം നൽകുന്നത് കോപ്പ അമേരിക്കയാണെന്ന അഭിപ്രായം പലർക്കുമുണ്ട്. യൂറോയിൽ പ്രധാന ടീമുകളിൽ പലരും നിറം മങ്ങിയ പ്രകടനമാണ് നടത്തുന്നത്. അതേസമയം കോപ്പ അമേരിക്കയിൽ വമ്പൻ ടീമുകളെല്ലാം മികച്ച പ്രകടനം നടത്തി കിരീടപ്പോരാട്ടം ആവേശകരമായി നിലനിർത്തുന്നുണ്ട്.