പെനാൽറ്റി സഹതാരത്തിനു നൽകി, മെസിക്ക് നഷ്‌ടമായത് ഹാട്രിക്ക് നേടാനുള്ള അവസരം | Messi

ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസി വളരെയധികം സന്തോഷവാനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ കുടുംബത്തിനൊപ്പം ഇനിയുള്ള കാലം സമ്മർദ്ദമില്ലാതെ ഏറ്റവും നല്ല രീതിയിൽ ജീവിക്കാനും സമാധാനത്തോടെ ഫുട്ബോൾ കളിക്കാനും തിരഞ്ഞെടുത്ത ഇടം മെസി ആഗ്രഹിച്ചതു പോലെത്തന്നെ മികച്ചതാണെന്ന് താരത്തിന്റെ മുഖവും ഓരോ മത്സരങ്ങളിലും നടത്തുന്ന പ്രകടനവും വ്യക്തമാക്കുന്നു.

ഇന്റർ മിയാമിക്കായി മൂന്നു മത്സരങ്ങൾ കളിച്ച ലയണൽ മെസി അഞ്ചു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പകരക്കാരനായിറങ്ങി ഒരു ഗോൾ നേടിയ താരം അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ തന്നെ ഇറങ്ങുകയും രണ്ടു വീതം ഗോളുകൾ സ്വന്തമാക്കുകയും ചെയ്‌തു. ലയണൽ മെസിയെ സംബന്ധിച്ച് കരിയറിലെ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ഇന്റർ മിയാമിയിൽ ലഭിച്ചിരിക്കുന്നത്.

ഇന്റർ മിയാമിയിൽ ആദ്യത്തെ ഹാട്രിക്ക് കുറയ്ക്കുന്നതിന് ലയണൽ മെസിക്ക് ഇന്ന് അവസരമുണ്ടായിരുന്നു. ഇന്റർ മിയാമി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളും മൂന്നാമത്തെ ഗോളും ലയണൽ മെസിയാണ് നേടിയത്. രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലാണ് പിറന്നത്. പെനാൽറ്റി എടുക്കേണ്ടത് ലയണൽ മെസി ആയിരുന്നെങ്കിലും അത് നേടിയെടുത്ത സഹതാരമായ സ്‌ട്രൈക്കർ ജോസഫ് മാർട്ടിനസിനു ആ പെനാൽറ്റി മെസി നൽകി.

ലയണൽ മെസിയുമായി മികച്ച ബന്ധം പുലർത്തുന്ന ജോസെഫ് മാർട്ടിനസ് കഴിഞ്ഞ നാല് മത്സരങ്ങളായി ഗോൾ നേടിയിട്ടില്ലായിരുന്നു. താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മെസി പെനാൽറ്റി നൽകിയത്. അത് ഗോളാക്കിയ താരം അതിനു പ്രത്യുപകാരം ചെയ്‌തുവെന്നതാണ് മറ്റൊരു രസകരമായ കാര്യം. നേരിട്ട് ഷോട്ടുതിർക്കാൻ കഴിയുമായിരുന്നിട്ടും അതിനു മുതിരാതെ മെസിക്ക് താരം നൽകിയ പാസിലാണ് ഇന്റർ മിയാമിയുടെ മൂന്നാമത്തെ ഗോൾ പിറക്കുന്നത്.

Messi Give Penalty To Josef Martinez