പേശികളെ പുനരുജ്ജീവിപ്പിക്കാനുള്ള ട്രീറ്റ്‌മെന്റിനൊരുങ്ങി ലയണൽ മെസി, ലക്‌ഷ്യം 2026ലെ ലോകകപ്പ്

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടെ ഐതിഹാസികമായ പ്രകടനത്തിന്റെ പിൻബലത്തിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസി ഫൈനലിൽ നേടിയ രണ്ടു ഗോളുകൾ അടക്കം ഏഴു ഗോളുകൾ നേടി ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്ത് വരികയും ചെയ്‌തു.

അടുത്ത ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തിൽ ലയണൽ മെസി വ്യക്തമായൊരു മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ ശരീരം അനുവദിച്ചാൽ മാത്രമേ അടുത്ത ലോകകപ്പിൽ കളിക്കുകയുള്ളൂവെന്നും റെക്കോർഡിനു വേണ്ടി ഒരിക്കലും അത് ചെയ്യില്ലെന്നുമാണ് ലയണൽ മെസി പറഞ്ഞത്. എന്നാൽ മെസി അടുത്ത ലോകകപ്പ് ലക്‌ഷ്യം വെച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ഇഎസ്‌പിഎൻ അർജന്റീനയുടെ ജേർണലിസ്റ്റായ ലിയോ പാരഡിസോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലയണൽ മെസി മസിലുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കേടുവന്ന മസിലുകളെ നൂതന സാങ്കേതിക വിദ്യകളടെയും ലാബ് ട്രീറ്റ്മെന്റിന്റെയും പരിശീലനത്തിന്റെയും സഹായത്തോടെ മെച്ചപ്പെടുത്തിയെടുത്ത് കളിക്കളത്തിൽ കൂടുതൽ കാലം തുടരാനാണ് മെസിയുടെ പദ്ധതി.

ഇപ്പോഴും ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ നടത്തുന്ന താരമാണ് ലയണൽ മെസി. അർജന്റീന ടീമിന് താരത്തിന്റെ സാന്നിധ്യം വിലമതിക്കാൻ കഴിയാത്തതുമാണ്. നിലവിൽ അമേരിക്കയിൽ കളിക്കുന്ന മെസിക്ക് അടുത്ത ലോകകപ്പിന് മുൻപ് അവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിയും. അത് താരത്തെ കൂടുതൽ മികച്ച പ്രകടനം നടത്താനും സഹായിക്കും.

ഖത്തർ ലോകകപ്പിന് ശേഷമുള്ള സമ്മറിൽ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ ലയണൽ മെസി കോപ്പ അമേരിക്ക ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പിലാണ്. അർജന്റീന ടീമിനൊപ്പം കളിക്കാൻ കൂടുതൽ ആഗ്രഹിക്കുന്ന ലയണൽ മെസി അവർക്കൊപ്പം മറ്റൊരു കിരീടം കൂടി ഉയർത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോപ്പ അമേരിക്കക്കു തയ്യാറെടുക്കുന്നത്.