ആർത്തിരമ്പുന്ന ഫാൻസ്‌ കാണിച്ചു തരുന്നുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ വലിപ്പം, ആരാധകരെ പ്രശംസിച്ച് മൈക്കൽ സ്റ്റാറെ | Mikael Stahre

പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ സമ്മിശ്രമായ പ്രതികരണമാണ് ആരാധകരിൽ നിന്നും വരുന്നത്. ഒരു വിഭാഗമാളുകൾ അദ്ദേഹത്തിൽ പ്രതീക്ഷ പുലർത്താൻ കഴിയുമെന്ന് വിശ്വസിക്കുമ്പോൾ ഒരു വിഭാഗം പുതിയ പരിശീലകനിൽ തൃപ്‌തനല്ല. പരിശീലകനെന്ന നിലയിൽ ഒരുപാട് ക്ളബുകളെ നയിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള നേട്ടങ്ങൾ അദ്ദേഹത്തിനില്ലെന്നതാണ് അതിനു കാരണം.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വീഡിഷ് പരിശീലകൻ എത്തിയിരിക്കുന്നത് വളരെ ആത്മവിശ്വാസത്തോടു കൂടിതന്നെയാണ്. ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത ക്ലബിന് കിരീടം നേടിക്കൊടുക്കണമെന്ന ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ആർത്തിരമ്പുന്ന ആരാധകരെയും അദ്ദേഹം പ്രശംസിച്ചു.

“സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരങ്ങളിൽ മുപ്പത്തിനായിരമോ അതിൽ കൂടുതലോ ആരാധകർ എത്തുന്ന ഒരു വമ്പൻ ക്ലബിന്റെ പരിശീലകനാവുകയെന്നത് എന്നെ ആകർഷിച്ച കാര്യമാണ്. ഞാൻ സ്വീഡനിൽ ഉണ്ടായിരുന്നു, ആരാധകരുടെ കരുത്തുള്ള വമ്പൻ ക്ലബുകൾ നമ്മളെ വളരെയധികം ആകർഷിക്കുന്ന ഒന്നാണ്.” അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് നിരവധി പ്രക്രിയകളിലൂടെ കടന്നു പോയാണ് പുതിയ പരിശീലകനെ കണ്ടെത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രകടനം മോശമാകില്ലെന്ന് ഏവരും കരുതുന്നു. ഇവാൻ ആരാധകരുടെ മനസ്സിൽ ഇടം നേടിയ പരിശീലകനാണ് എന്നതിനാൽ തന്നെ അതിൽ കുറഞ്ഞ ഒരു പ്രകടനവും അംഗീകരിക്കാൻ ഫാൻസ്‌ തയ്യാറാവില്ല. പുതിയ പരിശീലകനിൽ നിന്നും ഏറ്റവും മികച്ചത് തന്നെ ആരാധകർ ഡിമാൻഡ് ചെയ്യുന്നുണ്ട്.

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്ന സമയത്ത് വലിയ നേട്ടങ്ങളൊന്നും അദ്ദേഹത്തിന് അവകാശപ്പെടാൻ ഇല്ലായിരുന്നു. എങ്കിലും മികച്ച ടീമിനെ ഒരുക്കിയെടുക്കാനും അവരെ സ്ഥിരതയോടെ കളിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കൂടുതൽ പരിചയസമ്പത്തുള്ള മൈക്കലും മോശമാക്കില്ലെന്നു പ്രതീക്ഷിക്കാം.

Mikael Stahre On Kerala Blasters Fans