ഈ ഫലത്തിൽ സന്തോഷവാനല്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് ശരിയായ പാതയിലാണെന്ന് പരിശീലകൻ

ഉറപ്പായും വിജയം നേടേണ്ടിയിരുന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സമനില വഴങ്ങിയത്. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ലഭിച്ച ബ്ലാസ്റ്റേഴ്‌സിന് അവസാനത്തെ പതിനഞ്ചു മിനുട്ടോളം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പത്ത് പേരായി ചുരുങ്ങിയതിന്റെ ആനുകൂല്യവും ഉണ്ടായിരുന്നെങ്കിലും അതൊന്നും മുതലെടുക്കാൻ കഴിഞ്ഞില്ല.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷ വർധിച്ചിട്ടുണ്ട്. എതിരാളികളുടെ മൈതാനത്ത് മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. മത്സരത്തിന് ശേഷം ടീമിന്റെ പരിശീലകനായ സ്റ്റാറെ ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി.

“ഞാൻ സന്തോഷവാനല്ല, അതിനർത്ഥം ഞാൻ തീർത്തും അസന്തുഷ്‌ടനാണ് എന്നുമല്ല. ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ കഴിയും. ഞങ്ങൾ കരുത്ത് കാണിക്കുകയും പോയിന്റ് നേടുകയും ചെയ്യുന്നു. ഇത് തുടക്കമാണ്, ഇനിയും കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ കഴിയും. ഞങ്ങൾ ശരിയായ പാതയിൽ തന്നെയാണ്.” സ്റ്റാറെ പറഞ്ഞു.

രണ്ടു ടീമിന്റെയും ആരാധകർക്ക് ആവേശം നൽകിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. ആദ്യത്തെ ഇരുപത് മിനുട്ട് ബ്ലാസ്റ്റേഴ്‌സ് ആധിപത്യം സ്ഥാപിച്ചെങ്കിലും അതിനു ശേഷം നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ശക്തമായ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു.

ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില നേടിയെടുത്തത്. ഇത് ടീമിന്റെ പോരാടാനുള്ള മനോഭാവത്തെ കാണിക്കുന്നു. കഴിഞ്ഞ മത്സരത്തിലും പിന്നിൽ നിന്നും തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. അഡ്രിയാൻ ലൂണ തിരിച്ചു വന്നത് ടീമിന് ഊർജ്ജമാണ്. അടുത്ത മത്സരത്തിൽ ഒഡിഷയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.