ഇത്രയും പിന്തുണ ലഭിക്കുമ്പോൾ വിജയം നേടാൻ എളുപ്പമാണ്, കൂടുതൽ ആരാധകരെ പ്രതീക്ഷിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ആദ്യത്തെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊച്ചിയിൽ വിജയം നേടിയത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഗംഭീര പിന്തുണയാണ് ആരാധകർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് നൽകിയത്. മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെ ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.

“ഇത്രയും മികച്ച പിന്തുണ ലഭിക്കുമ്പോൾ മത്സരങ്ങളിൽ വിജയം നേടാൻ വളരെ എളുപ്പമാണ്. ഭാവിയിൽ ഞങ്ങൾ കൂടുതൽ ആരാധകരെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൈക്കൽ സ്റ്റാറെ പറഞ്ഞു.

മത്സരത്തിൽ മലയാളി താരമായ വിഷ്‌ണു പിവിയാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ നേടിയത്. എന്നാൽ അതിനു പിന്നാലെ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. അതിനു ശേഷം പകരക്കാരനായി ഇറങ്ങിയ ക്വാമേ പെപ്രയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിലെ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ ഊർജ്ജം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ മത്സരത്തിൽ അപ്രതീക്ഷിതമായി തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്തിയത് ആരാധകർക്കും പ്രതീക്ഷയാണ്.