ഈ പ്രതികരണവും ഈ മനോഭാവവുമാണ് വേണ്ടത്, കേരള ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് കാണാമെന്ന് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനമികവിൽ ആരാധകർ സംതൃപ്‌തരാണെങ്കിലും മത്സരഫലങ്ങളിൽ അത് കാണാൻ കഴിയുന്നില്ല. പല മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി തോൽവിയോ സമനിലയോ വഴങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാൻ കഴിയുന്നത്.

വ്യക്തിഗത പിഴവുകളാണ് ഇതിനുള്ള പ്രധാന കാരണം. ബെംഗളൂരുവുമായുള്ള മത്സരത്തിൽ രണ്ടു ഗോളുകളാണ് താരങ്ങളുടെ പിഴവിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അതിനു മുൻപ് നടന്ന രണ്ടു മത്സരങ്ങളിലും സമാനമായ പിഴവുകൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയിരുന്നു.

അതേസമയം പിഴവുകളിൽ നിരാശരാകാതെ, അവ തിരുത്താനും മികച്ച പ്രകടനം നടത്താനുമുള്ള മനോഭാവമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെന്നാണ് പരിശീലകൻ പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്റ്റാറെ ടീമിലെ താരങ്ങളെ പ്രശംസിച്ചു സംസാരിച്ചു.

“കഴിഞ്ഞ മത്സരത്തിലെ തോൽവിയോട് താരങ്ങൾ പ്രതികരിച്ചത് മികച്ച രീതിയിലായിരുന്നു. ഞാൻ എത്തിയതിനു ശേഷമുള്ള ഏറ്റവും മികച്ച ട്രെയിനിങ് സെഷനാണ് കഴിഞ്ഞ ദിവസം നടന്നത്. എല്ലാവരും പോസിറ്റിവായി കളിക്കാനും വിജയം നേടാനും ആഗ്രഹിക്കുന്നു.” സ്റ്റാറെ പറഞ്ഞു.

നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ കപ്പ് നേടിയ ടീമാണെങ്കിലും ഈ സീസണിൽ മുംബൈ അത്ര മികവ് കാണിക്കുന്നില്ല. അഞ്ചു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചിരിക്കുന്നത്.