അവൻ ടീമിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്, മലയാളി താരത്തെ പ്രശംസിച്ച് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ നാലാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്ത് നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മത്സരത്തിൽ കടുത്ത പോരാട്ടം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടി വരുമെന്നതിൽ സംശയവുമില്ല.

അതേസമയം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സ്റ്റാറെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരിക്കേറ്റു പുറത്തായിരുന്ന താരങ്ങൾ തിരിച്ചെത്തിയത് ടീമിന് കൂടുതൽ കരുത്ത് നൽകുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം മലയാളി താരമായ വിബിൻ മോഹനനെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

“ഞങ്ങൾക്ക് പരിക്കുകളുണ്ടായി, താരങ്ങൾ തിരിച്ചു വരികയും ചെയ്‌തു. ഞാനുമായി അടുപ്പമുള്ള വിബിനും അതിലൊരാളാണ്. അത് ഞങ്ങൾക്ക് വലിയ രീതിയിലുള്ള ഊർജ്ജം നൽകി. താരത്തിന്റെ പന്തിന്മേലുള്ള ആധിപത്യവും പാസിംഗും കളിയുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.” സ്റ്റാറെ പറഞ്ഞു.

അഡ്രിയാൻ ലൂണ ടീമിനായി മുഴുവൻ സമയവും കളിക്കുന്നതിനു വേണ്ടിയും താൻ കാത്തിരിക്കുകയാണെന്നും മൈക്കൽ സ്റ്റാറെ പറഞ്ഞു. എന്നാൽ ഒഡിഷ എഫ്‌സിക്കെതിരെ താരം ആദ്യ ഇലവനിൽ ഇറങ്ങുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഫുൾ ബാക്കായി കളിക്കുന്ന ഐബാൻ ഡോഹ്‌ലിങ്ങിനു പരിക്ക് പറ്റിയിരുന്നു. ഇന്നത്തെ മത്സരത്തിൽ അത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും എതിരാളികളുടെ മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും.