മത്സരങ്ങൾ വിജയിക്കുന്നതാണ് എന്റെ ഫിലോസഫി, ഏറ്റവും ദേഷ്യം അലസതയാണെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി അടുത്ത സീസണിലേക്ക് മൈക്കൽ സ്റ്റാറെയെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ആഴ്ചകളായി. ഐഎസ്എല്ലിലേക്ക് വരുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനെന്ന നേട്ടം സ്വന്തമാക്കിയ സ്റ്റാറെ ഒരുപാട് വർഷങ്ങളുടെ പരിചയസമ്പത്തുമായാണ് ടീമിനെ അടുത്ത സീസണിലേക്ക് ഒരുക്കിയെടുക്കാൻ തയ്യാറെടുക്കുന്നത്.
പ്രഖ്യാപനം കഴിഞ്ഞെങ്കിലും ഇതുവരെയും സ്റ്റാറെ ടീമിനൊപ്പം ചേർന്നിട്ടില്ല. കേരളത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും അദ്ദേഹം യൂട്യൂബ് പോഡ്കാസ്റ്റ് വഴിയും മറ്റും ആരാധകരോട് സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈവ് ഇൻസ്റ്റാഗ്രാം സെഷനിലെത്തിയ താരം നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
What is your philosophy
Mikael Stahre 🗣️ "Winning matches" #KBFC
— KBFC XTRA (@kbfcxtra) June 14, 2024
What makes you angry as a coach?
Mikael Stahre 🗣️ "Sloppiness" #KBFC
— KBFC XTRA (@kbfcxtra) June 14, 2024
സ്റ്റാറെയുടെ ഫിലോസഫിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു. എല്ലാ മത്സരങ്ങളും വിജയിക്കുകയെന്നതാണ് തന്റെ ഫിലോസഫിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറ്റവും ദേഷ്യമുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് ടീമംഗങ്ങളുടെ അലസതയാണെന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെക്കൊണ്ട് പരമാവധി മികച്ച പ്രകടനം അദ്ദേഹം നടത്തുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജൂലൈ ആദ്യത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം അദ്ദേഹം ചേരും. അതിനു ശേഷം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ടീം തായ്ലൻഡിൽ സൗഹൃദമത്സരങ്ങൾ കളിക്കുകയും ചെയ്യും.
ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി സ്റ്റാറെ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷ അദ്ദേഹത്തിന്റെ പരിചയസമ്പത്തിൽ തന്നെയാണ്. യുവതാരങ്ങൾക്ക് അവസരം നൽകാനും ടീമിനെക്കൊണ്ട് അവരുടെ ഏറ്റവും മികച്ച കഴിവുകൾ പുറത്തെടുപ്പിക്കാനും പര്യാപ്തനായ ഒരു പരിശീലകനാണെന്ന് മുൻപേ തെളിയിച്ചിട്ടുള്ള വ്യക്തി തന്നെയാണ് സ്റ്റാറെ.