ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത പിഴവ്, ബ്ലാസ്റ്റേഴ്സ് താരത്തിനെ വിമർശിച്ച് പരിശീലകൻ മൈക്കൽ സ്റ്റാറെ
ഇന്ത്യൻ സൂപ്പർ ലീഗിൽ മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് നിരാശ സമ്മാനിച്ചു. സ്വന്തം മൈതാനത്ത് ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും മങ്ങി.
മുൻ മത്സരങ്ങളിലേതു പോലെത്തന്നെ വ്യക്തിഗത പിഴവുകളാണ് എഫ്സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിയത്. മത്സരത്തിൽ എഫ്സി ഗോവ നേടിയ ഒരേയൊരു ഗോൾ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നായിരുന്നു.
Mikael Stahre 🗣️“That goal was out of the blue, actually. That's not a chance from my perspective. 99 times out of 100, Sachin (Suresh) will save that ball.” #KBFC pic.twitter.com/NYF13JKMIK
— KBFC XTRA (@kbfcxtra) November 29, 2024
എഫ്സി ഗോവ താരം ബോറിസ് പന്തുമായി ബോക്സിലേക്കെത്തുമ്പോൾ സച്ചിൻ സുരേഷ് നിയർ പോസ്റ്റിനെ കൃത്യമായി കവർ ചെയ്തിരുന്നില്ല. ആ പഴുതിലൂടെ തന്നെ ബോറിസ് വലയിലേക്ക് പന്തെത്തിക്കുകയും ചെയ്തു. മത്സരത്തിന് ശേഷം മൈക്കൽ സ്റ്റാറെയും ഇക്കാര്യം ചൂണ്ടിക്കാട്ടി.
“ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഗോളായിരുന്നു അത്. എന്റെ കാഴ്ച്ചപ്പാടിൽ അതൊരു മികച്ച ഗോളവസരം പോലുമല്ല. നൂറിൽ തൊണ്ണൂറ്റിയൊൻപത് തവണയും അത് സച്ചിൻ സുരേഷിന് രക്ഷപ്പെടുത്താൻ കഴിയും.” മൈക്കൽ സ്റ്റാറെ പറഞ്ഞു.
ബ്ലാസ്റ്റേഴ്സ് തോറ്റ മത്സരങ്ങളിലെല്ലാം വ്യക്തിഗത പിഴവുകൾ ടീമിന് വിനയായി വന്നിരുന്നു. അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. മുൻപ് നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു.