കിരീടം നേടിത്തരാനാണ് ഞാനിവിടെ എത്തിയത്, ഉടനെ തന്നെ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്ന് മൈക്കൽ സ്റ്റാറെ

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. ആദ്യത്തെ മത്സരത്തിൽ തോൽവിയും രണ്ടാമത്തെ മത്സരത്തിൽ വിജയവും സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യത്തെ എവേ മത്സരം കൂടിയാണ് ഇന്ന് നടക്കാൻ പോകുന്നത്.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആരാധകർക്ക് വളരെ ആവേശം നൽകുന്ന ഒരു കാര്യം പരിശീലകനായ മൈക്കൽ സ്റ്റാറെ പറഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം കിരീടം നേടുന്ന കാലം ഒട്ടും വിദൂരമല്ലെന്നാണ് കഴിഞ്ഞ ദിവസം സ്വീഡിഷ് പരിശീലകൻ പറഞ്ഞത്.

“ജയത്തിനും തോൽവിക്കും ഇടയിലുള്ള ഒരു കൃത്യമായ രേഖയാണിത്. 2014ൽ, പത്ത് വർഷങ്ങൾക്കു മുൻപ് മാത്രമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത്. ചെറിയ ചരിത്രം മാത്രം. കേരള ബ്ലാസ്റ്റേഴ്‌സ് ഉടനെ തന്നെ ഒരു കിരീടം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

“എത്ര വേഗം കിരീടം നേടും? അതറിയില്ല, ഞാനിവിടെ എത്തിയിട്ടുള്ളത് സാധ്യമായ അത്രയും മത്സരങ്ങൾ വിജയിക്കുന്നതിനു വേണ്ടിയാണ്. ഒരു കിരീടം നേടാൻ എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമെന്നതു തന്നെ നല്ല കാര്യമാണ്. അതാണ് പരിചയസമ്പത്ത്, അതുകൊണ്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്.” സ്റ്റാറെ പറഞ്ഞു.

നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള പരിശീലകനാണ് മൈക്കൽ സ്റ്റാറെ എന്നതിനാൽ തന്നെ ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നതിൽ സംശയമില്ല.