ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശം എന്റെ ആഗ്രഹങ്ങൾക്കു കരുത്തേകുന്നു, കരാർ പുതുക്കാനുള്ള തീരുമാനം എളുപ്പമായിരുന്നുവെന്ന് ഡ്രിൻസിച്ച്

അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഇന്ന് പ്രധാനപ്പെട്ടൊരു പ്രഖ്യാപനം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ് ഡ്രിൻസിച്ചുമായുള്ള കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരിക്കുന്നു. 2026 വരെയാണ് ഇരുപത്തിയഞ്ചുകാരനായ താരത്തിന് കരാർ നൽകിയിട്ടുള്ളത്.

കഴിഞ്ഞ സീസണിന് മുന്നോടിയായാണ് മിലോസ് ഡ്രിൻസിച്ചിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കുന്നത്. കരാർ അവസാനിച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുമോയെന്ന കാര്യത്തിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രീ സീസൺ ക്യാമ്പിൽ താരത്തിന്റെ പ്രകടനം പരിശീലകൻ മൈക്കൽ സ്റ്റാറെ വിലയിരുത്തിയതിനു ശേഷമാണ് പുതിയ കരാർ നൽകിയിരിക്കുന്നത്.

“കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടർന്നും പ്രവർത്തിക്കാനുള്ള തീരുമാനം വളരെ എളുപ്പമുള്ളതായിരുന്നു. ഈ ആരാധകരുടെ ആവേശവും ക്ലബിന്റെ വിഷനും എന്റെ ആഗ്രഹങ്ങൾക്ക് ചേരുന്നതാണ്. ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ടീമിന് കൂടുതൽ സംഭാവന നൽകാനും കിരീടനേട്ടങ്ങളിലേക്ക് നയിക്കാനും ഞാൻ ശ്രമിക്കും.” ഡ്രിൻസിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാനുള്ള ആഗ്രഹം ഡ്രിൻസിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ താരത്തിന്റെ കരാർ പുതുക്കി നൽകിയിരുന്നില്ല. പുതിയ പരിശീലകന്റെ കൂടി സമ്മതം ലഭിച്ചതിനു ശേഷമാണ് തീരുമാനം എടുത്തതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇത് സ്റ്റാറെയുടെ പദ്ധതികൾക്ക് ഡ്രിൻസിച്ച് അനുയോജ്യനാണെന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ ഭേദപ്പെട്ട പ്രകടനമാണ് മിലോസ് ഡ്രിൻസിച്ച് നടത്തിയത്. പ്രതിരോധനിരയിൽ ആയിരുന്നിട്ടും രണ്ടു ഗോളുകൾ താരത്തിന്റെ പേരിലുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെട്ട താരം ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.