അക്കാര്യം സംഭവിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും, ക്ലബിന്റെ ഇതിഹാസമായി മാറുമെന്ന് മിലോസ് ഡ്രിഞ്ചിച്ച് | Milos Drincic

കേരള ബ്ലാസ്റ്റേഴ്‌സ് സമീപകാലത്ത് സ്വന്തമാക്കിയ മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളാണ് മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിഞ്ചിച്ച്. യൂറോപ്പ ലീഗിലടക്കം കളിച്ചു പരിചയമുള്ള താരത്തിന് വെറും ഇരുപത്തിയഞ്ചു വയസ് മാത്രമാണ് പ്രായം. ആദ്യമായി ഇന്ത്യയിൽ കളിക്കുന്നത് ഈ സീസണിലാണെങ്കിലും പരിചയസമ്പത്തുള്ള മാർകോ ലെസ്‌കോവിച്ചിനെ പുറത്തിരുത്താൻ താരത്തിന് കഴിഞ്ഞു.

ഒരു സീസണിലേക്ക് മാത്രമാണ് മിലോസുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാറുള്ളത്. അതുകൊണ്ടു തന്നെ ഈ സീസണു ശേഷം താരം ക്ലബിൽ തുടരുമോ, അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കകൾ ഉണ്ടായിരുന്നു. എന്തായാലും ഇതുസംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഒരു കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിട്ടുണ്ട്.

“കേരള ബ്ലാസ്റ്റേഴ്‌സ് ഏഷ്യയിലെ തന്നെ മികച്ച ടീമുകളിൽ ഒന്നാണ്. ഇവിടെ കളിക്കുന്നത് ഒരുപാട് അവസരങ്ങൾ നമുക്ക് തുറന്നു നൽകും. വമ്പൻ ക്ലബുകളൊന്നും ഓഫറുമായി എന്നെ സമീപിക്കുന്നില്ലെങ്കിൽ ഇവിടെത്തന്നെ ഒരുപാട് വർഷം തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ക്ലബിന്റെ ഇതിഹാസമായി മാറുന്നത് എന്നെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്.” മീലൊസ് ഡ്രിഞ്ചിച്ച് പറഞ്ഞു.

വമ്പൻ ക്ലബുകൾ എന്നതു കൊണ്ട് മിലോസ് ഉദ്ദേശിച്ചത് ഐഎസ്എല്ലിലെ വമ്പൻ ക്ളബുകളാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും മറ്റു ലീഗുകളിലെ വമ്പൻ ക്ലബുകളിൽ നിന്നും ഓഫർ വന്നാൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതുണ്ടാവാതിരിക്കട്ടെയെന്നും താരം ഇനിയും ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ തുടരട്ടെ എന്നുമാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ചെറിയ പരിമിതികൾ ഉണ്ടെങ്കിലും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഏറ്റവും മികച്ച പ്രതിരോധതാരം മിലോസ് തന്നെയാണ്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയ സമയത്ത് മിലോസും ലെസ്‌കോയും ചേർന്ന പ്രതിരോധം മൂന്നു മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ വിജയം നേടിയിരുന്നു. എന്നാൽ പിന്നീടും പരിക്കിന്റെ ബുദ്ധിമുട്ടുകൾ വന്നതാണ് ഡിഫെൻസിനെക്കൂടി ദുർബലമാക്കിയത്.

Milos Drincic Talks About Kerala Blasters Future