മോഡ്രിച്ചാണ് യഥാർത്ഥ നായകൻ, ഒരു വിജയം മാത്രമകലെ ക്രൊയേഷ്യക്കൊപ്പം ആദ്യകിരീടം | Modric

ക്ലബ് തലത്തിൽ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ദേശീയ ടീമിനൊപ്പം ഒരു കിരീടം മോഡ്രിച്ചിന് നേടാൻ കഴിഞ്ഞിട്ടില്ല. 2018 ലോകകപ്പിന്റെ ഫൈനലിലേക്കും 2022 ലോകകപ്പിന്റെ സെമിയിലേക്കും ടീമിനെ നയിച്ചെങ്കിലും കിരീടമെന്ന സ്വപ്‌നം പൂർത്തിയാക്കാൻ താരത്തിനായില്ല. എന്നാൽ ദേശീയ ടീമിനൊപ്പം ഒരു കിരീടം നേടാൻ റയൽ മാഡ്രിഡ് താരത്തിന് സുവർണാവസരം വന്നിട്ടുണ്ട്.

യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനലിൽ ഹോളണ്ടിനെതിരെ ക്രൊയേഷ്യ വിജയം നേടി ഫൈനലിൽ കടന്നു. അടുത്ത മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കിയാൽ കിരീടം ക്രൊയേഷ്യക്ക് സ്വന്തമാകും. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ വിജയം നേടിയപ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് റയൽ മാഡ്രിഡ് താരമായിരുന്നു.

ഡോൺയെൽ മലെൻറെ ഗോളിൽ ഹോളണ്ട് ആദ്യപകുതിയിൽ മുന്നിലെത്തിയ മത്സരത്തിൽ മറ്റു ഗോളുകളെല്ലാം രണ്ടാം പകുതിക്കു ശേഷമാണ് പിറന്നത്. ക്രമറിച്ച്, പാസാലിച്ച് എന്നിവരുടെ ഗോളുകളിൽ ക്രൊയേഷ്യ പിന്നീട് മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ നോവ ലോങിലൂടെ ഹോളണ്ട് സമനില നേടി. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു ഗോളുകൾ കൂടി നേടി ക്രൊയേഷ്യ വിജയം നേടുകയായിരുന്നു.

ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റിൽ ബ്രൂണോ പെറ്റ്‌കോവിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചതിനു ശേഷം പിന്നീട് ലഭിച്ച പെനാൽറ്റിയിലൂടെ റയൽ മാഡ്രിഡ് താരം ടീമിന്റെ വിജയമുറപ്പിച്ച ഗോൾ നേടുകയും ചെയ്യും. മുപ്പത്തിയേഴാം വയസിലാണ് ടീമിനായി 120 മിനുട്ടും കളിച്ച് നിർണായകമായ പ്രകടനം താരം നടത്തിയത്. ഇനി ഫൈനലിലും വിജയിച്ച് കിരീടം നേടാൻ മോഡ്രിച്ചിന് കഴിയണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.

Modric Leads Croatia To UEFA Nations League Final