ബ്രസീലിയൻ ഇതിഹാസവും ശരി വെക്കുന്നു, ബാലൺ ഡി ഓർ നേടാൻ മെസിക്കാണ് അർഹത | Messi

ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസി ഐതിഹാസികമായ പ്രകടനമാണ് നടത്തിയത്. ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ടൂർണമെന്റിൽ നേടിയ താരം ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. രണ്ടാമത്തെ തവണയാണ് മെസി ലോകകപ്പിൽ ഗോൾഡൻ ബോൾ നേടുന്നത്.

ലോകകപ്പിൽ വിജയം നേടിയതോടെ അടുത്ത ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസി എന്തായാലും നേടുമെന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ സീസൺ അവസാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലൻഡും ബാലൺ ഡി ഓറിനു സാധ്യതയുള്ള താരമായി പരിഗണിക്കപ്പെടുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേടിയതാണ് താരത്തിന് സാധ്യത വർധിപ്പിക്കുന്നത്.

എന്നാൽ എർലിങ് ഹാലാൻഡിനേക്കാൾ ലയണൽ മെസി തന്നെയാണ് അടുത്ത ബാലൺ ഡി ഓർ നേടാനാർഹനെന്നാണ് ബ്രസീലിന്റെ ഇതിഹാസതാരമായ റൊണാൾഡോ പറയുന്നത്. “ബാലൺ ഡി ഓർ ലയണൽ മെസിയാണ് അർഹിക്കുന്നത്. താരം അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു. മെസി ലോകകപ്പ് നേടുകയുണ്ടായി, അതൊരു വലിയ ടൂർണമെന്റാണ്.” കഴിഞ്ഞ ദിവസം റൊണാൾഡോ പറഞ്ഞു.

ഹാലാൻഡിന്റെ പേര് ബാലൺ ഡി ഓർ സാധ്യതയുള്ളതായി ഉയർന്നു വരുന്നുണ്ടെങ്കിലും പുരസ്‌കാരത്തിനുള്ള പവർ റാങ്കിങ്ങിൽ മെസി തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത്. മാഞ്ചസ്റ്റർ സിറ്റി ട്രെബിൾ കിരീടങ്ങൾ നേടിയെങ്കിലും ലോകകപ്പ്, ഫ്രഞ്ച് ലീഗ് എന്നീ കിരീടങ്ങൾ സ്വന്തമാക്കിയത് ലയണൽ മെസിക്ക് പുരസ്‌കാരം നേടാനുള്ള സാധ്യത വർധിപ്പിക്കുന്നു.

Ronaldo Says Messi Deserve Ballon Dor