വമ്പൻ തുകക്ക് വന്ന മറ്റൊരു താരം കരിയർ തന്നെ ഇല്ലാതാക്കി, ഹസാർഡിനെ വിമർശിച്ച് റയൽ മാഡ്രിഡ് താരം | Kroos

ചെൽസിയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന സമയത്താണ് ഹസാർഡിനെ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത്. നൂറു മില്യൺ യൂറോയിലധികം നൽകി സ്വന്തമാക്കിയ താരത്തിന് പക്ഷെ റയൽ മാഡ്രിഡിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. റയൽ മാഡ്രിഡിലേക്ക് അമിതഭാരവുമായി എത്തിയ ഹസാർഡ് പിന്നീട് പരിക്കുകളും മോശം ഫോമും കാരണം പഴയ മികവിന്റെ നിഴൽ പോലുമാകാതെയാണ് ഇത്രയും കാലം ക്ലബിൽ തുടർന്നത്.

കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് മറ്റൊരു വമ്പൻ തുകയുടെ ട്രാൻസ്‌ഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും നൂറു മില്യണിലധികം നൽകി ഇംഗ്ലീഷ് താരമായ ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് അവർ ടീമിലെത്തിച്ചത്. ഡേവിഡ് ബെക്കാമിന് ശേഷം റയൽ മാഡ്രിഡിൽ കളിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് താരമായ ബെല്ലിങ്‌ഹാമിനെ സ്വാഗതം ചെയ്യുമ്പോൾ ഹസാർഡിന്റെ കാര്യമോർപ്പിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ടോണി ക്രൂസ്.

“വലിയൊരു തുകക്ക് മറ്റൊരു താരം ഇവിടേക്ക് വന്നിരുന്നു, എന്നിട്ട് കരിയർ ഇല്ലാതാക്കുകയാണ് ചെയ്‌തത്‌. വലിയ തുകയാണത്. എല്ലാവരും പറയും അതൊരു മികച്ച ട്രാൻസ്‌ഫർ അല്ലായിരുന്നുവെന്ന്. എന്നാലിപ്പോൾ പോസിറ്റിവായി നിൽക്കുകയാണ് വേണ്ടത്.” ഇംഗ്ലീഷ് താരത്തിന്റെ ട്രാൻസ്‌ഫറിനെക്കുറിച്ച് ടോണി ക്രൂസ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.

ആഴ്‌ചയിൽ നാല് ലക്ഷം പൗണ്ടിലധികം പ്രതിഫലം നൽകി ടീമിൽ നിലനിർത്തിയിരുന്ന ഈഡൻ ഹസാർഡ് ക്ലബ് വിടുകയാണെന്ന് റയൽ മാഡ്രിഡ് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം കരാറിൽ ബാക്കി നിൽക്കെയാണ് ഹസാർഡ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. താരത്തിന് പകരക്കാരനായല്ല ബെല്ലിങ്ങ്ഹാം എത്തുന്നതെങ്കിലും വലിയ പ്രതീക്ഷ ഈ ട്രാൻസ്‌ഫറിൽ ആരാധകർക്കുണ്ട്.

Kroos Sends Harzard Warning To Bellingham