മെസി വിരമിക്കാൻ സ്‌കലോണി അനുവദിക്കില്ല, താരം അടുത്ത ലോകകപ്പിലും കളിക്കും | Messi

കഴിഞ്ഞ ദിവസം അർജന്റീന ആരാധകർക്ക് മുഴുവൻ നിരാശ നൽകുന്ന വെളിപ്പെടുത്തലാണ് ടീമിന്റെ നായകനായ ലയണൽ മെസി നടത്തിയത്. 2026ൽ അമേരിക്കയിൽ വെച്ചു നടക്കാനിരിക്കുന്ന ലോകകപ്പിൽ താൻ കളിക്കാൻ സാധ്യതയില്ലെന്നാണ് മെസി പറഞ്ഞത്. മികച്ച ഫോമിൽ കളിക്കുന്ന അർജന്റീന ടീമിനൊപ്പം താരം അടുത്ത ലോകകപ്പിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് കനത്ത നിരാശ നൽകുന്നതായിരുന്നു മെസിയുടെ വെളിപ്പെടുത്തൽ.

എന്നാൽ ആ തീരുമാനം ലയണൽ മെസി മാറ്റുമെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അർജന്റീനയുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശ്വസ്‌തനായ മാധ്യമപ്രവർത്തകൾ ഗാസ്റ്റൻ എഡ്യൂളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അർജന്റീനിയൻ പരിശീലകനായ ലയണൽ സ്‌കലോണിയുടെ പദ്ധതികൾ മെസിയെ കേന്ദ്രീകരിച്ചായതിനാൽ അദ്ദേഹം തന്നെ താരത്തെ നിലനിർത്തുമെന്നാണ് എഡ്യൂൾ പറയുന്നത്.

“അടുത്ത ലോകകപ്പ് കളിക്കാൻ മെസിയെ സമ്മതിപ്പിക്കാൻ സ്‌കലോണി തീർച്ചയായും ശ്രമിക്കും. സ്‌കലോണി മെസ്സിയോട് സംസാരിക്കുകയും നിലനിർത്താൻ ശ്രമിക്കുകയും ചെയ്യും, കാരണം സ്‌കലോണി കരാർ പുതുക്കുമ്പോൾ മെസിയൊരു ഘടകമായിരുന്നു. താരം തുടരുമെന്ന് സ്‌കലോണിക്ക് അറിയാമായിരുന്നു. മുഴുവൻ പ്രോജക്റ്റും മെസിയെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പിന് ശേഷം മെസിസ്‌കലോനിയുമായി സംസാരിച്ചു, ദേശീയ ടീമിൽ അദ്ദേഹം തുടരുന്നതിൽ മെസിക്കും വലിയ പങ്കുണ്ട്, അതിനാൽ സ്‌കലോണിയും അത് തന്നെ ചെയ്യും.” എഡ്യൂൾ പറഞ്ഞു.

ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസി നടത്തിയത്. തന്നെ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അനുവദിച്ചാൽ മൈതാനത്ത് മായാജാലം സൃഷ്‌ടിക്കാൻ കഴിയുമെന്ന് മെസി ഒരിക്കൽക്കൂടി തെളിയിച്ചു. അതുകൊണ്ടു തന്നെ ഇനിയും മെസിക്ക് ഒരുപാട് സംഭാവന നൽകാൻ കഴിയും. താരം അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് തന്നെയാണ് ആരാധകർ ഇപ്പോഴും വിശ്വസിക്കുന്നത്.

Scaloni Will Convince Messi To Play Next World Cup