എല്ലാം നേടിയ പരിശീലകനു കീഴിൽ ഒരുപാട് പഠിക്കാനാകും, ആൻസലോട്ടിയുടെ വരവിനെക്കുറിച്ച് പ്രതികരണവുമായി നെയ്മർ | Neymar
കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സീസണിൽ റയൽ മാഡ്രിഡിൽ തന്നെ തുടരുമെങ്കിലും അതോടെ കരാർ അവസാനിക്കുന്ന അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്രസീൽ നേതൃത്വം സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തങ്ങളുടെ ഓഫർ അദ്ദേഹം സ്വീകരിക്കുമെന്ന് തന്നെയാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വിശ്വസിക്കുന്നത്.
റയൽ മാഡ്രിഡിനാണ് താൻ എല്ലായിപ്പോഴും മുൻതൂക്കം നൽകുന്നതെന്ന് ആൻസലോട്ടി പറഞ്ഞെങ്കിലും ഇതുവരെ ഒരു ദേശീയ ടീമിന്റെയും പരിശീലകനായിട്ടില്ലാത്തതിനാൽ അദ്ദേഹം പുതിയൊരു വെല്ലുവിളി എന്ന നിലയിൽ ബ്രസീലിനെ തിരഞ്ഞെടുക്കുമെന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ബ്രസീൽ ടീമിലെ താരങ്ങളും അദ്ദേഹം പരിശീലകനാവുന്നതിൽ ആവേശത്തിലാണെന്ന കാര്യത്തിൽ സംശയമില്ല.
🗣️ Neymar: “Ancelotti? Brazil will have the privilege of having a foreign manager for the first time. Ancelotti is a guy who has won everything. He will certainly teach us a lot.” pic.twitter.com/VA6hfG9pk6
— Madrid Xtra (@MadridXtra) June 23, 2023
ബ്രസീലിന്റെ ഏറ്റവും പ്രധാന കളിക്കാരനായ നെയ്മർ ജൂനിയറിനോട് ആൻസലോട്ടിയുടെ വരവിനെ എങ്ങിനെ കാണുന്നുവെന്ന് ചോദിച്ചപ്പോൾ താരം രണ്ടു കയ്യും നീട്ടിയാണ് അതിനെ സ്വീകരിച്ചത്. “ഒരു വിദേശ പരിശീലകനെ ഞങ്ങൾക്ക് ലഭിക്കാനുള്ള അവസരമാണത്. എല്ലാം വിജയിച്ച പരിശീലകനായ ആൻസലോട്ടി ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിപ്പിച്ചു തരുമെന്ന് തീർച്ചയാണ്.” നെയ്മർ പ്രതികരിച്ചു.
ക്ലബ് തലത്തിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ പരിശീലകനായ ആൻസലോട്ടി യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. മിലാൻ, റയൽ മാഡ്രിഡ് എന്നിവർക്കൊപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയിട്ടുള്ള അദ്ദേഹത്തിന് ദേശീയ ടീം പരിശീലകനായി ലോകകപ്പ് കൂടി നേടാനുള്ള അവസരമാണ് ബ്രസീലിൽ ചേർന്നാൽ ഉണ്ടാവുക. അതദ്ദേഹം പരിഗണിക്കാൻ തന്നെയാണ് സാധ്യത.
Neymar Back Ancelotti Become Brazil Coach