അൽ ഹിലാൽ പരിശീലകനെ പുറത്താക്കാനാവശ്യപ്പെട്ട് നെയ്‌മർ, ബ്രസീലിയൻ താരത്തെ ടീമിൽ നിന്നുമൊഴിവാക്കി പരിശീലകൻ | Neymar

ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ അൽ ഹിലാലിലേക്ക് ചേക്കേറിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങളില്ലാത്ത സമയത്തെല്ലാം ഗംഭീര പ്രകടനം നടത്തുന്ന മുപ്പത്തിയൊന്നു വയസുള്ള താരം യൂറോപ്യൻ കരിയർ ഇത്ര വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. പിഎസ്‌ജി നേതൃത്വവുമായി അത്ര സുഖത്തിലല്ലാതിരുന്ന നെയ്‌മർ വമ്പൻ തുക പ്രതിഫലം വാങ്ങിയാണ് ഫ്രാൻസിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്.

സൗദി അറേബ്യയിലെത്തിയ നെയ്‌മർ ഏതാനും മത്സരങ്ങൾ ടീമിനായി കളിച്ചെങ്കിലും താരത്തിന്റെ അവിടുത്തെ നാളുകൾ അത്ര സുഖകരമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അൽ ഹിലാലിന്റെ പോർച്ചുഗൽ പരിശീലകനായ ജോർജ് ജീസസും ബ്രസീലിയൻ താരവും തമ്മിൽ ഒത്തുപോകുന്നില്ലെന്നും അതിനാൽ പരിശീലകനെ പുറത്താക്കണമെന്ന് നെയ്‌മർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു. അതിനു പിന്നാലെ ടീമിൽ നിന്നും നെയ്‌മർ ഒഴിവാക്കപ്പെടുകയുമുണ്ടായി.

ഇന്നലെ കിംഗ് കപ്പിൽ അൽ ജബലൈനെതിരെ നടന്ന മത്സരത്തിൽ നിന്നാണ് നെയ്‌മർ ഒഴിവാക്കപ്പെട്ടത്. അൽ ഹിലാലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിട്ടും നെയ്‌മർ മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതെന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടു പേരും തമ്മിലുള്ള ബന്ധം ഉലഞ്ഞുവെന്നു തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. നെയ്‌മറുടെ അഭാവത്തിൽ ഇന്നലെ ഇറങ്ങിയ അൽ ഹിലാൽ റൂബൻ നെവസ് നേടിയ ഗോളിൽ വിജയം സ്വന്തമാക്കിയിരുന്നു.

കളിക്കളത്തിലും ഡ്രസിങ് റൂമിലുമുള്ള നെയ്‌മറുടെ മോശം പെരുമാറ്റത്തെ പരിശീലകൻ വിമർശിച്ചതാണ് ഇരുവരും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായത്. ഇതിനു പിന്നാലെ നെയ്‌മർ അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ക്ലബ് നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. അതിനു ശേഷം അൽ ഹിലാൽ നേതൃത്വം ജീസസിനെ കാണുകയും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം തെറിക്കുമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്‌തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം ഈ വാർത്തകളെ മുഴുവൻ നിഷേധിച്ച് നെയ്‌മർ രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നെയ്‌മർ ഈ വാർത്തകൾ പൂർണമായും നിഷേധിച്ചത്.മില്യൺ കണക്കിനാളുകൾ പിന്തുടരുന്ന അക്കൗണ്ടുകൾ വ്യാജവാർത്തകൾ നൽകരുതെന്നും അത് ബഹുമാനമില്ലായ്‌മയാണെന്നും താരം പറയുന്നു. നെയ്‌മർ അൽ ഹിലാലിൽ എത്തുന്നതിനു മുൻപ് തന്നെ തനിക്ക് മികച്ച ബന്ധം താരത്തോടുണ്ടെന്നാണ് പരിശീലകനും പറഞ്ഞത്.

Neymar Reportedly Demand To Sack Al Hilal Coach