കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട നിഹാൽ സുധീഷ് നടത്തുന്നത് മിന്നും പ്രകടനം, രണ്ടാം മത്സരത്തിലും മാൻ ഓഫ് ദി മാച്ച്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ പഞ്ചാബ് എഫ്‌സിയിലേക്ക് ചേക്കേറിയ നിഹാൽ സുധീഷ് നടത്തുന്നത് മിന്നും പ്രകടനം. കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സി വിജയം നേടിയപ്പോൾ ടീമിന്റെ ആദ്യത്തെ ഗോൾ കണ്ടെത്തിയത് നിഹാൽ സുധീഷ് ആയിരുന്നു.

മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിലാണ് നിഹാൽ സുധീഷ് പഞ്ചാബിന്റെ ഗോൾ നേടിയത്. അതിനു പുറമെ ഒരു കീ പാസ് നൽകിയ താരം ഒരു സുവർണാവസരം സൃഷ്‌ടിക്കുകയും ചെയ്‌തു. മൊത്തത്തിൽ ഇന്നലെ പഞ്ചാബിന്റെ മുന്നേറ്റങ്ങളിൽ പ്രധാന പങ്കു വഹിച്ച താരമാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

ഇതോടെ ഈ സീസണിൽ രണ്ടു മത്സരത്തിലും നിഹാൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന മത്സരത്തിലും തിളങ്ങിയ താരം മാൻ ഓഫ് ദി മാച്ച് നേടിയിരുന്നു. തന്റെ പ്രതിഭ താരം പഞ്ചാബ് എഫ്‌സിയിൽ തെളിയിക്കുകയാണ്.

സീസണിന്റെ തുടക്കത്തിലാണ് നിഹാൽ സുധീഷ് പഞ്ചാബ് എഫ്‌സിയിലേക്ക് ചേക്കേറുന്നത്. ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറയുമെന്നതിനെ തുടർന്ന് താരം ലോണിൽ പഞ്ചാബിലേക്ക് പോവുകയായിരുന്നു. ആ തീരുമാനം വളരെ മികച്ചതായിരുന്നുവെന്ന് ഓരോ മത്സരങ്ങളിലും ഇരുപത്തിമൂന്നുകാരനായ താരം തെളിയിക്കുന്നു.

നിഹാൽ സുധീഷിനോപ്പം പഞ്ചാബ് എഫ്‌സിയും മികച്ച പ്രകടനം നടത്തുന്നു. രണ്ടു മത്സരങ്ങളിലും വിജയിച്ച അവർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഈ സീസണിൽ മികച്ച പ്രകടനം ഉറപ്പു നൽകുന്ന കുതിപ്പാണ് പഞാബിന്റേത്.