കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വീണ്ടുമൊരു ഗോൾഡൻ ബൂട്ട്, ഡ്യൂറൻഡ് കപ്പിലെ ഗോൾവേട്ടക്കുള്ള പുരസ്‌കാരം നോഹ സദോയിക്ക്

ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം പ്രതീക്ഷ നൽകിയിരുന്നെങ്കിലും ക്വാർട്ടർ ഫൈനലോടെ ആ കുതിപ്പ് അവസാനിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഗോളുകൾ അടിച്ചു കൂട്ടിയ ടീം ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങിയാണ് ഡ്യൂറൻഡ് കപ്പിൽ നിന്നും പുറത്തു പോയത്. ഇതോടെ ഒരു കിരീടമെന്ന ടീമിന്റെ പ്രതീക്ഷ വീണ്ടും ഇല്ലാതായി.

ഇന്നലെ ഫൈനൽ അവസാനിച്ചപ്പോൾ മോഹൻ ബഗാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി നോർത്ത്ഈസ്റ്റ് യുണൈറ്റഡാണ്‌ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് നേരത്തെ പുറത്തായെങ്കിലും ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം ഉണ്ടായിട്ടുണ്ട്. ഡ്യൂറൻഡ് കപ്പിലെ മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻബൂട്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരം നോഹ സദോയിയാണ് സ്വന്തമാക്കിയത്.

ഡ്യൂറൻഡ് കപ്പിൽ നാല് മത്സരങ്ങളിൽ കളത്തിലിറങ്ങിയ നോഹ സദോയി ആറു ഗോളുകളാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ തുടക്കം ഗംഭീരമാക്കാൻ താരത്തിന് കഴിഞ്ഞു. ടീമിന് കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിൽ എത്തിയതിനു ശേഷം ആദ്യമായി ഒരു ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ സദോയിക്ക് കഴിഞ്ഞു.

സദോയിയുടെ ഈ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിരുന്നു. അത് കേരള ബ്ലാസ്റ്റേഴ്‌സിൽ ആവർത്തിക്കാൻ കഴിയുമെന്നും കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ ദിമിക്ക് പകരക്കാരനാവാൻ കഴിയുമെന്നും നോഹ തെളിയിച്ചു.

ഇനി ഇന്ത്യൻ സൂപ്പർ ലീഗിലേക്കാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഈ മാസം പതിനഞ്ചിനാണ്‌ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. കൊച്ചിയുടെ മൈതാനത്ത് പഞ്ചാബിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. നോഹയുടെ കാലുകളെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആശ്രയിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാണ്.