നിങ്ങൾ അവിശ്വസനീയമാണ്, നമുക്ക് ഒരുമിച്ച് ലക്ഷ്യങ്ങൾ സ്വന്തമാക്കാം; ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് നോഹ സദോയി

കഴിഞ്ഞ ദിവസമാണ് ആരാധകർ കാത്തിരുന്ന സൈനിങ്‌ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവയിൽ കളിച്ചിരുന്ന മൊറോക്കൻ താരമായ നോഹ സദോയിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിനിടയിൽ തന്നെ താരത്തെ സ്വന്തമാക്കിയ കാര്യം പുറത്തു വന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ പ്രഖ്യാപനം വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ ചേർന്നതിന്റെയും ബ്ലാസ്റ്റേഴ്‌സ് ഫാമിലിയുടെ ഭാഗമായി മാറുന്നതിന്റെയും ആവേശം നോഹ സദോയിയും മറച്ചു വെച്ചില്ല. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ള സന്ദേശം നോഹ സദോയി നൽകിയിട്ടുണ്ട്. ഒരുമിച്ച് നിന്ന് ക്ലബിന്റെ ലക്ഷ്യങ്ങൾ നമുക്ക് സ്വന്തമാക്കാമെന്ന ഉറപ്പും അദ്ദേഹം ആരാധകർക്ക് നൽകുന്നു.

“എവിടെയാണ് ഞാൻ തുടങ്ങേണ്ടത്? ബ്ലാസ്റ്റേഴ്‌സ് ഫാമിലി നൽകിയ അവിശ്വസനീയമായ വരവേൽപ്പിനു ഞാൻ ആദ്യം നന്ദി പറയട്ടെ. നിങ്ങൾ അവിശ്വസനീയമാണെന്ന് പറയാതെ വയ്യ. മൈതാനത്ത് വിജയവും സന്തോഷവും നൽകാൻ എനിക്കിപ്പോൾ തന്നെ പ്രചോദനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുമിച്ച് നിന്ന് നമ്മുടെ ലക്ഷ്യങ്ങൾ സ്വന്തമാക്കാനും കിരീടങ്ങൾ നേടാനും പൊരുതാം.”

“മാനേജ്‌മെന്റിനും ക്ലബിനും ഞാൻ നന്ദി പറയുന്നു, അവരുടെ വിശ്വാസത്തിനു പകരം നൽകാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു. ഒരിക്കലും എനിക്കിതിനൊന്നും ഒറ്റക്ക് കഴിയില്ല. പുതിയ ടെക്‌നിക്കൽ ടീമിനും സഹതാരങ്ങൾക്കുമൊപ്പം പോരാടും. ആരാധകരില്ലാതെ ഒരു ടീമും ഒന്നുമല്ല. നിങ്ങളുടെ പിന്തുണ തുടക്കം മുതൽ എനിക്കറിയാം. എന്റെ എല്ലാം നൽകാനും നിങ്ങളുമായി ഒരിക്കലും തകർക്കാൻ കഴിയാത്ത ബന്ധം ഉണ്ടാക്കാനാണ് ഞാൻ ലക്ഷ്യമിടുന്നത്.” നോഹ സദൂയി കുറിച്ചു.

കഴിഞ്ഞ രണ്ടു സീസണുകളിലും ഗോവയുടെ ടോപ് സ്കോററും ഐഎസ്എല്ലിലെ ടോപ് സ്കോറർമാരിൽ ഒരാളുമാണ് നോഹ സദോയി. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ദിമിത്രിയോസിനു പകരം മികച്ചൊരു ഗോൾവേട്ടക്കാരനെ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ഇനി സദോയി ടീമിനായി നടത്തുന്ന മികച്ച പ്രകടനം കാണാൻ കാത്തിരിക്കാം.