ഒടുവിൽ നോഹയും അതു തന്നെ പറയുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ യഥാർത്ഥ പ്രശ്‌നമിതാണ്

ഇവാൻ വുകോമനോവിച്ച് പരിശീലകനായ കഴിഞ്ഞ മൂന്നു സീസണിലും കിരീടം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ടീം പ്ലേ ഓഫ് കളിച്ചിരുന്നു. എന്നാൽ മൈക്കൽ സ്റ്റാറെ പരിശീലകനായ ആദ്യത്തെ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് യോഗ്യത നെടുമോയെന്ന സംശയം ആരാധകർക്കുണ്ട്.

പത്ത് മത്സരങ്ങൾ ഈ സീസണിൽ പൂർത്തിയാക്കിയപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രം വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ്. ഇനി അത്ഭുതകരമായ ഒരു മാറ്റം സംഭവിച്ചാൽ മാത്രമേ ടീമിന് പ്ലേ ഓഫ് കളിക്കാനാവൂ.

അതിനിടയിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രധാന പ്രശ്‌നം എന്താണെന്ന് ടീമിലെ സൂപ്പർതാരമായ നോഹ സദോയി വെളിപ്പെടുത്തി. വ്യക്തിഗത പിഴവുകളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് നോഹ പറയുന്നത്.

“ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശരിയായ ദിശയിലാണെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ വ്യക്തിഗത പിഴവുകളാണ് വലിയ പ്രശ്‌നമെന്നും ഞാൻ ചിന്തിക്കുന്നു.” കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ നോഹ സദോയി പറഞ്ഞു.

ഈ സീസണിൽ ആറോളം മത്സരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തിപരമായ പിഴവുകൾ കാരണം പോയിന്റ് തുലച്ചത്. അതിൽ തന്നെ അഞ്ചു മത്സരങ്ങളിലും പിഴവ് വരുത്തിയത് ഗോൾകീപ്പർമാരായിരുന്നു. ജനുവരിയിൽ ടീമിൽ മാറ്റങ്ങൾ വരുത്തിയാലേ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയുള്ളൂ.