കുതിച്ചു പായുന്ന മൊറോക്കൻ യാഗാശ്വം, കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചത് ഇതുപോലെയൊരു താരത്തെയാണ്

റിസൾട്ടുകൾ സമ്മിശ്രമാണെങ്കിലും ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. തുടർച്ചയായ മൂന്നു മത്സരങ്ങൾ എതിരാളികളുടെ മൈതാനത്ത് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നത് മികച്ച റെക്കോർഡ് തന്നെയാണ്.

ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. സമനില വഴങ്ങിയ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടേണ്ടതായിരുന്നു എങ്കിലും വ്യക്തിഗത പിഴവുകളാണ് ടീമിന് തിരിച്ചടി നൽകിയത്.

ടീമിന്റെ നിലവിലെ കുതിപ്പിന്റെ ചാലകശക്തി ഈ സീസണിന് മുന്നോടിയായി ടീമിലേക്ക് വന്ന മൊറോക്കൻ താരം നോഹ സദോയിയാണ്. കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം അതിനേക്കാൾ മികച്ച ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം ഒൻപത് മത്സരങ്ങളാണ് നോഹ സദോയി കളിച്ചിരിക്കുന്നത്. ഇതിൽ ആറെണ്ണത്തിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും നോഹ തന്നെയാണ്. മൊഹമ്മദൻസിനെതിരായ കഴിഞ്ഞ മത്സരത്തിലും നോഹയായിരുന്നു കളിയിലെ താരം.

ടീമിന് വേണ്ടി മുഴുവൻ സമയവും അധ്വാനിക്കുന്ന താരം ഐഎസ്എൽ ആരംഭിച്ചതിനു ശേഷം ആദ്യത്തെത് ഒഴികയുള്ള മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസൺ ഐഎസ്എല്ലിൽ മൂന്നു ഗോളും രണ്ട് അസിസ്റ്റുമാണ് നോഹയുടെ സമ്പാദ്യം.