നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ കൊള്ളയടിച്ചു, മോഹൻ ബഗാന്റെ വിജയത്തിൽ പ്രതിഷേധം ശക്തം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ നേടിയ വിജയത്തിൽ ആരാധകർ പ്രതിഷേധം ഉയർത്തുന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയം നേടിയത്.

മത്സരത്തിൽ രണ്ടു തവണ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തിയതായിരുന്നു. എന്നാൽ തിരിച്ചടിച്ച മോഹൻ ബഗാൻ ഒടുവിൽ എണ്പത്തിയേഴാം മിനുട്ടിൽ നേടിയ ഗോളിലാണ് വിജയം നേടുന്നത്. എന്നാൽ ആ വിജയത്തെ റഫറി സഹായിച്ചുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിൽ സുബാഷിഷ് ബോസ് നേടിയ മോഹൻ ബഗാന്റെ രണ്ടാമത്തെ ഗോളാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്ന സമയത്താണ് സുബാഷിഷിന്റെ ഗോൾ പിറക്കുന്നത്.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ഗോൾകീപ്പർ ലൈനിന്റെ അരികിൽ വെച്ച് പന്ത് കൈവശപ്പെടുത്തിയ സമയത്താണ് ഓടിയെത്തിയ സുബാഷിഷ് അത് തട്ടി വലയിലാക്കുന്നത്. ഗോൾകീപ്പറുടെ കയ്യിൽ ഒതുങ്ങിയ പന്താണ് തട്ടി ഗോളാക്കുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

എന്നാൽ റഫറി അതൊന്നും പരിഗണിക്കാതെ ഗോൾ അനുവദിക്കുകയായിരുന്നു. മോഹൻ ബഗാനെ റഫറിമാർ സഹായിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ ഉള്ളതാണ്. ഈ ഗോൾ അനുവദിച്ചതിലൂടെ ആരാധകരിൽ പലരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.