ഒന്നര മണിക്കൂറിനു ശേഷം VAR റിവ്യൂ, അർജന്റീനയുടെ സമനിലഗോൾ നിഷേധിച്ചു; മൊറോക്കോക്ക് വിജയം

ഒളിമ്പിക്‌സിലെ അർജന്റീനയുടെ ആദ്യത്തെ മത്സരത്തിന് സംഭവബഹുലമായ രീതിയിൽ തുടക്കം. മത്സരം പൂർത്തിയായി എന്ന് ഏവരും വിശ്വസിച്ചിരിക്കെ ഒന്നര മണിക്കൂറിനു ശേഷം മത്സരം വീണ്ടും ആരംഭിക്കുകയും അർജന്റീന അവസാന മിനുട്ടിൽ നേടിയ സമനിലഗോൾ നിഷേധിക്കുകയും ചെയ്‌താണ്‌ ഫുട്ബോളിൽ അത്യപൂർവമായ സംഭവങ്ങൾ അരങ്ങേറിയത്.

അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരം അൻപത്തിയൊന്നു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മൊറോക്കോ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. അതിനു ശേഷം പൊരുതിയ അർജന്റീന ജിയൂലിയനോ സിമിയോണിയിലൂടെ ഒരു ഗോൾ മടക്കി. പിന്നീട് ആക്രമണങ്ങൾ ശക്തമാക്കിയ അർജന്റീന ഇഞ്ചുറി ടൈമിന്റെ പതിനഞ്ചാം മിനുട്ടിൽ സമനില ഗോളും സ്വന്തമാക്കിയിരുന്നു.

എന്നാൽ അർജന്റീന നേടിയ ഗോളിന് പിന്നാലെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന മൊറോക്കൻ ആരാധകർ അക്രമാസക്തരായി മാറി. അർജന്റീന താരങ്ങൾക്ക് നേരെയും മൈതാനത്തേക്കും അവർ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയാൻ തുടങ്ങി. ഇതോടെ മത്സരം താൽക്കാലികമായി നിർത്തി വെക്കാനാണ് റഫറി തീരുമാനിച്ചതെങ്കിലും മത്സരം അവസാനിച്ചുവെന്നാണ് ഏവരും കരുതിയത്.

പിന്നീട് ഒന്നര മണിക്കൂറിനു ശേഷമാണ് മത്സരം വീണ്ടും ആരംഭിച്ചത്. മൂന്നു മിനുട്ട് മാത്രമാണ് മത്സരം നടന്നത്. അതിനിടയിൽ അർജന്റീന നേടിയ ഗോൾ ഓഫ്‌സൈഡ് ആണെന്ന് വീഡിയോ റഫറി കണ്ടെത്തിയിരുന്നു. സ്വാഭാവികമായും ഗോൾ നിഷേധിക്കപ്പെട്ടു. മത്സരത്തിൽ മൂന്നു പോയിന്റും മൊറോക്കോ സ്വന്തമാക്കുകയും അർജന്റീന തോൽവി വഴങ്ങുകയും ചെയ്‌തു.

എന്നാൽ ഒന്നര മണിക്കൂറിനു ശേഷം അർജന്റീനയുടെ ഗോൾ നിഷേധിക്കാനുള്ള തീരുമാനത്തിൽ പലരും പ്രതിഷേധം ഉയർത്തുന്നുണ്ട്. ഫുട്ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളിൽ ഒന്നാണ് ഇന്ന് സംഭവിച്ചതെന്നതിൽ സംശയമില്ല. കളി നിർത്തിവെച്ചാലും എന്തു കൊണ്ട് ഗോൾ നിഷേധിച്ച തീരുമാനം എടുക്കാൻ ഇത്രയൂം വൈകിയതെന്നാണ് ഏവരും ചോദിക്കുന്നത്.