അർജന്റീനയും മൊറോക്കോയും മത്സരം തുടർന്നു കളിക്കാൻ തയ്യാറല്ലായിരുന്നു, രൂക്ഷമായ വിമർശനവുമായി അർജന്റീന നായകനും പരിശീലകനും

പാരീസ് ഒളിമ്പിക്‌സിൽ കഴിഞ്ഞ ദിവസം നടന്ന അസാധാരണ സംഭവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് അർജന്റീന ടീമിന്റെ നായകനായ നിക്കോളാസ് ഓട്ടമെൻഡിയും പരിശീലകനായ ഹാവിയർ മഷെറാനോയും. മത്സരത്തിൽ അവസാന മിനുട്ടിൽ അർജന്റീന നേടിയ സമനിലഗോൾ രണ്ടു മണിക്കൂറുകൾക്കു ശേഷം ഒഴിവാക്കിയ തീരുമാനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ അസാധാരണ സംഭവങ്ങളിലൊന്നാണ്.

ഇഞ്ചുറി ടൈമിന്റെ പതിനാറാം മിനുട്ടിലാണ് അർജന്റീന സമനിലഗോൾ നേടുന്നത്. അതോടെ സ്റ്റേഡിയത്തിലെ മൊറോക്കോ ആരാധകർ സാധനങ്ങൾ വലിച്ചെറിഞ്ഞും മൈതാനത്തേക്ക് ഇറങ്ങാൻ ശ്രമിച്ചും അക്രമത്തിന്റെ സ്വഭാവം കാണിച്ചു. ഇതോടെ മത്സരം നിർത്തി വെക്കുകയും രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ആരംഭിച്ചപ്പോൾ അർജന്റീനയുടെ ഗോൾ നിഷേധിക്കുകയുമായിരുന്നു.

“ഇത് ചരിത്രപരമായ ഒരു നാണക്കേടാണ്. ഇതുപോലെയൊന്ന് ഇതിനു മുൻപൊരിക്കലും സംഭവിച്ചിട്ടുണ്ടാകില്ല. മൊറോക്കോക്ക് തുടർന്ന് കളിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല, അതുപോലെ തന്നെ ഞങ്ങൾക്കും. ഞങ്ങൾ ഒരു മണിക്കൂറും നാൽപതു മിനുറ്റുമാണ് കാത്തു നിന്നത്, എന്നാൽ ആരും ഒന്നും ഞങ്ങളോട് പറഞ്ഞില്ല. ഒളിമ്പിക്‌സ് ഗെയിംസ് ഇങ്ങിനെയാകുന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്.” ഓട്ടമെൻഡി പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് ഞങ്ങളറിഞ്ഞില്ല. ഒന്നര മണിക്കൂറിലധികം ഞങ്ങൾ ലോക്കർ റൂമിലായിരുന്നു. എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചും ഞങ്ങൾക്കറിയില്ലായിരുന്നു. ഒരു കളിക്കാരനെന്ന നിലയിൽ, ഒരു മത്സരത്തിൽ ഏഴു തവണ സുരക്ഷാ വീഴ്‌ച സംഭവിക്കുന്നത് എനിക്ക് ആദ്യത്തെ അനുഭവമാണ്. ഇത് നാണക്കേടാണ്.” അർജന്റീന പരിശീലകൻ ഹാവിയർ മഷെറാനോ പറഞ്ഞു.

അർജന്റീനയുടെ തോൽവിക്കെതിരെയുള്ള പ്രതിഷേധത്തെക്കാൾ മൈതാനത്ത് സംഭവിച്ച സുരക്ഷാ വീഴ്‌ച ചർച്ച ചെയ്യപ്പെടുന്നുണ്ട്. ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതിന്റെ രോഷം ഇപ്പോഴും ഫ്രഞ്ച് സമൂഹത്തിനുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ കൂടി പ്രതിഫലനമാണോ ഇന്നലെ സംഭവിച്ചതെന്ന് പലരും ചോദിക്കുന്നുണ്ട്.