ലോ സെൽസോ ലോകകപ്പിൽ കളിക്കാതിരിക്കാൻ വളഞ്ഞ വഴികൾ, ഉത്തേജകമരുന്നിന്റെ ഉപയോഗം; അർജന്റീനയുടെ വില്ലനായി പപ്പു ഗോമസ് | Papu Gomez

ഐതിഹാസികമായി അർജന്റീന നേടിയ ഖത്തർ ലോകകപ്പ് നേട്ടത്തിന്റെ പ്രഭാവത്തിനു മങ്ങലേൽപ്പിച്ചാണ് ഉത്തേജകമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റത്തിന് പപ്പു ഗോമസിനെ ആന്റി ഡോപ്പിംഗ് കമ്മിറ്റിൽ വിലക്കിയത്. ഖത്തർ ലോകകപ്പിനു തൊട്ടു മുൻപ് നവംബറിൽ സെവിയ്യയിൽ വെച്ച് ശേഖരിച്ച സാമ്പിളിൽ നിന്നാണ് താരം ഉത്തേജകം ഉപയോഗിച്ചുവെന്നു കണ്ടെത്തിയത്. അസുഖം വന്നപ്പോൾ കുട്ടിയുടെ മരുന്ന് കഴിച്ചതാണ് ഇതിനു കാരണമെന്ന് താരം പറയുന്നുണ്ടെങ്കിലും വിലക്ക് മാറ്റുമോയെന്ന കാര്യം സംശയമാണ്.

ഇതാദ്യമായല്ല പപ്പു ഗോമസ് വിവാദങ്ങളിൽ ഉൾപ്പെടുന്നത്. അറ്റ്‌ലാന്റയുടെ മിന്നും താരമായിരുന്ന ഗോമസ് ഒരു സീസണിന്റെ ഇടയിൽ വെച്ചാണ് ക്ലബ് വിടുന്നത്. അതിനു കാരണം പരിശീലകനും ക്ലബ് ഉടമകളുമായുള്ള പ്രശ്‌നങ്ങളായിരുന്നു. തന്നെ അന്നത്തെ പരിശീലകനായ ഗാസ്പെരിനി കായികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ഗോമസ് പറഞ്ഞെങ്കിലും ഗാസ്പെരിനി കായികപരമായ ആക്രമണം ഗോമസാണ്‌ നടത്തിയതെന്ന് മറുപടി നൽകി. പരിശീലകനെയും ക്ലബ് ഉടമകളെയും താരം അനുസരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗോമസിനെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം വന്നത് പലർക്കും അത്ര അറിവില്ലാത്ത കാര്യമാണ്. ഖത്തർ ലോകകപ്പിനു മുന്നോടിയായി അർജന്റീന താരം ലോ സെൽസോക്ക് പരിക്ക് പറ്റിയിരുന്നു. ടൂർണമെന്റിന് മുൻപ് പരിക്ക് ഭേദമാകാത്തതിനാൽ താരത്തിന് ലോകകപ്പ് നഷ്‌ടമാവുകയും ചെയ്‌തു. ലോ സെൽസോ പുറത്തിരുന്നാൽ ലോകകപ്പ് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുമെന്നതിനാൽ താരത്തിന്റെ പരിക്ക് ഭേദമാകാതിരിക്കാൻ പപ്പു ഗോമസ് ബ്ളാക്ക് മാജിക്ക് നടത്തിയെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്.

ഈ അഭ്യൂഹങ്ങൾ സാധൂകരിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. പപ്പു ഗോമസിന്റെ ഭാര്യ ലോ സെൽസോ, ഡി മരിയ, ഡി പോൾ എന്നിവരെയും ഡി മരിയ, പരഡെസ് എന്നിവരുടെ ഭാര്യമാരെയും ഇൻസ്റ്റയിൽ അൺഫോളോ ചെയ്‌തിരുന്നു. ഇതിനു ശേഷം എമിലിയാനോ മാർട്ടിനസ് ഒഴികെ മറ്റൊരു താരവും പപ്പു ഗോമസിന്റെ ഇൻസ്റ്റ പോസ്റ്റുകൾക്ക് ലൈക്ക് ചെയ്‌തിരുന്നില്ല. ലോകകപ്പിൽ അർജന്റീന താരങ്ങളുടെ പരിക്കിന്റെ വിവരങ്ങൾ താരം ചോർത്തിയെന്നും അഭ്യൂഹം ഉണ്ടായിരുന്നു. എന്തായാലും ലോകകപ്പിനു ശേഷം പപ്പു ഗോമസ് അർജന്റീന ടീമിൽ കളിച്ചിട്ടില്ല.

ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതിനു ശേഷമാണ് പുതിയൊരു വിവാദത്തിൽ പപ്പു ഗോമസ് ഉൾപ്പെടുകയും താരത്തിനെതിരെ ശിക്ഷ വിധിക്കുകയും ചെയ്‌തിരിക്കുന്നത്‌. സംഭവം അറിയാതെ പറ്റിയതാണെന്നു പ്രതികരിച്ച പപ്പു ഗോമസ് ഇതുമായി ബന്ധപ്പെട്ട് അപ്പീൽ നൽകുമോയെന്ന കാര്യം വ്യക്തമല്ല. എന്തായാലും അർജന്റീന ടീമിനൊപ്പം മൂന്നു സുപ്രധാന കിരീടങ്ങൾ നേടിയ താരം അർജന്റീന ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ ചെറിയൊരു കളങ്കം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Papu Gomez Have Many Controversies In His Career