റഫറി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന് പണി കൊടുത്തു, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനിലയിൽ പിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. പരിക്കും വിലക്കും കാരണം അഞ്ചു പ്രധാന താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയിൽ ഒരു ഗോൾ വഴങ്ങി രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് മത്സരത്തിൽ സമനില വഴങ്ങിയത്. ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി റഫറി അനുവദിക്കാതിരുന്നത് ടീമിന് തിരിച്ചടിയായി.

സംഭവബഹുലമായിരുന്നു ആദ്യപകുതി. തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നിട്ടു നിന്നതെങ്കിലും പന്ത്രണ്ടാം മിനുട്ടിൽ നെസ്റ്ററിലൂടെ നോർത്ത്ഈസ്റ്റ് മുന്നിലെത്തി. ഒരു ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കുന്നതിനു വേണ്ടി ഗോവയെ ബ്ലാസ്റ്റേഴ്‌സ് നിരന്തരം പരീക്ഷിക്കാൻ തുടങ്ങി. ജാപ്പനീസ് താരമായ ഡൈസുകെയുടെയും ഐബാനു പകരക്കാരനായി ഇറങ്ങിയ നവോച്ച സിംഗിന്റെയും ഷോട്ടുകൾ പോസ്റ്റിലടിച്ച് മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് നിരാശയായി.

ബ്ലാസ്റ്റേഴ്‌സിന് ആദ്യപകുതിയിൽ ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി നിഷേധിക്കുകയും ചെയ്‌തു. പെപ്രയെ യാസർ ഹമദ് ബോക്‌സിൽ വീഴ്ത്തിയെന്നത് റഫറി നിഷേധിച്ചെങ്കിലും വീഡിയോ ദൃശ്യങ്ങളിൽ ഫൗൾ വ്യക്തമായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ വീഡിയോ റഫറിയിങ് കൊണ്ടുവരേണ്ടത് പ്രാധാന്യമാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. പിന്നീട് മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.

ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ ശ്രമങ്ങളുടെ തുടർച്ചയായിരുന്നു രണ്ടാം പകുതിയും. അതിനു ഫലം ഉടനെ ഉണ്ടാവുകയും ചെയ്‌തു. അഡ്രിയാൻ ലൂണ എടുത്ത ക്രോസിൽ നിന്നും ഗോൾ നേടി ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോൾ നേടുന്നത്. അതിനു ശേഷവും ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മത്സരത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത്.

അവസാനമിനുട്ടുകളിൽ കത്തിക്കയറേണ്ട ബ്ലാസ്റ്റേഴ്‌സ് തളർന്നതു പോലെയാണ് കളിച്ചത്. ക്രിയാത്മകമായി മുന്നേറ്റങ്ങളുണ്ടാക്കാൻ താരങ്ങൾ ശ്രമിച്ചില്ല. അതിനിടയിൽ ലോങ്ങ് പാസിൽ നിന്നും ലഭിച്ച രണ്ട് അവസരങ്ങൾ പകരക്കാരനായിറങ്ങിയ ഇഷാൻ പണ്ഡിറ്റ തുലച്ചു കളയുകയും ചെയ്‌തു. ഇഞ്ചുറി ടൈമിൽ റഫറിയോട് തർക്കിച്ചതിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഫ്രാങ്ക് ദോവനു മഞ്ഞക്കാർഡ് ലഭിച്ചു. രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ എന്നിവർക്കൊന്നും യാതൊരു ചലനവും ഉണ്ടാക്കാനായില്ല.

Kerala Blasters Held Draw Against NEUFC