മഴവില്ലിനെക്കാൾ മനോഹരമായൊരു ഫ്രീകിക്ക് ഗോളിൽ ടീമിനു വിജയം, അൽ നസ്റിൽ റൊണാൾഡോ ഉയർത്തെഴുന്നേൽക്കുന്നു | Ronaldo

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം മോശം പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയത്. പരിശീലകൻ എറിക് ടെൻ ഹാഗുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ അതിനു കാരണമായിരുന്നു എന്നതിൽ സംശയമില്ല. ഖത്തർ ലോകകപ്പിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ താരം രൂക്ഷമായ വിമർശനം നടത്തുകയും ചെയ്‌തു. അതിനു ശേഷം ലോകകപ്പിൽ റൊണാൾഡോ തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും പോർചുഗലിനൊപ്പവും റൊണാൾഡോ മോശം പ്രകടനം തുടർന്നതോടെ താരത്തിനെതിരെ താരത്തിന്റെ കരിയർ ഏറെക്കുറെ തീരുമാനമായെന്ന് ഏവരും കരുതി. മുപ്പത്തിയെട്ടു വയസുള്ള താരത്തിന് ഇനിയൊരു തിരിച്ചുവരവ് കരിയറിൽ ഉണ്ടാകില്ലെന്നാണ് പലരും കരുതിയത്. എന്നാൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് റൊണാൾഡോയെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവായെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ ദിവസം ദമാക് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലും ടീമിന് വിജയം നേടിക്കൊടുത്തിരുന്നു. ദമാക്കാണ് മത്സരത്തിൽ മുന്നിലെത്തിയതെങ്കിലും പിന്നീട് ബ്രസീലിയൻ താരം ടാലിസ്‌കയിലൂടെ അൽ നസ്ർ സമനില ഗോൾ നേടി. അതിനു പിന്നാലെ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പനൊരു ഫ്രീകിക്ക് ഗോൾ നേടി ടീമിന് വിജയം നേടിക്കൊടുത്തു. ഇതോടെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ അൽ നസ്റിനു കഴിഞ്ഞു.

സൗദി പ്രൊ ലീഗിൽ എത്തിയത് മുതൽ മിന്നുന്ന പ്രകടനം നടത്തുന്ന റൊണാൾഡോ കഴിഞ്ഞ സീസണിൽ മാത്രം പതിനാലു ഗോളുകൾ അടിച്ചിരുന്നു. സീസണിന്റെ പകുതിക്ക് വെച്ച് ടീമിലെത്തിയാണ് പോർച്ചുഗൽ താരം ഇത്രയും ഗോളുകൾ നേടിയത്. അതേസമയം ഈ സീസണിൽ നിലവിൽ സൗദി ലീഗിലെ ടോപ് സ്‌കോറർ റൊണാൾഡോയാണ്. ഒൻപത് മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകൾ നേടിയ താരം ഇത്തവണ ടോപ് സ്‌കോറർ പദവി സ്വന്തമാക്കുമെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്.

അൽ നസ്‌റിനായി നടത്തുന്ന മികച്ച പ്രകടനം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി തിളങ്ങാനും റൊണാൾഡോയെ സഹായിക്കുന്നുണ്ട്. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ യൂറോ യോഗ്യതയിൽ പോർചുഗലിനായി ഏറ്റവുമധികം ഗോൾ നേടിയ താരമാണ് റൊണാൾഡോ. അൽ നസ്റിലേക്കുള്ള വരവ് താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചുവെന്നത് വ്യക്തം. അതിന്റെ തെളിവാണ് ഇന്നലെ നേടിയ ഫ്രീകിക്ക് ഗോളും.

Ronaldo Scored Free Kick Goal For Al Nassr