സെവൻസ് ഫുട്ബോളിലെ റഫറിമാർ ഇതിനേക്കാൾ മികച്ചതായിരിക്കും, എന്നവസാനിക്കും ഈ നിലവാരമില്ലായ്‌മ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും റഫറിമാരുടെ നിലവാരമില്ലായ്‌മ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടുന്നതാണു കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഗോവ പന്ത്രണ്ടാം മിനുട്ടിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചെങ്കിലും അതിനു ശേഷം കളി പൂർണമായും ബ്ലാസ്റ്റേഴ്‌സിന്റെ കയ്യിലായിരുന്നു. രണ്ടാം പകുതിയിൽ ഡാനിഷ് ഫാറൂഖ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സമനില നേടിയെടുത്തത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കുന്ന പെനാൽറ്റി റഫറി നിഷേധിച്ചത് വലിയ തിരിച്ചടിയാണ് നൽകിയത്. മത്സരം അര മണിക്കൂറോളം പിന്നിട്ടപ്പോഴായിരുന്നു സംഭവം. പന്തുമായി പെപ്ര ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റം തടുക്കാൻ നോർത്ത്ഈസ്റ്റ് പ്രതിരോധതാരം ശ്രമിച്ചു. അതിനിടയിൽ പെപ്രയുടെ ജേഴ്‌സിയിൽ പിടിച്ചു വലിച്ച് താരത്തെ വീഴ്ത്തുകയും ചെയ്‌തു. റഫറിയുടെ തൊട്ടടുത്ത് വെച്ചാണ് സംഭവം നടന്നതെങ്കിലും അദ്ദേഹം അതനുവദിച്ചില്ല.

വീഡിയോ ദൃശ്യങ്ങളിൽ അത് പെനാൽറ്റി ആണെന്ന് വ്യക്തമായിരുന്നു. ആ പെനാൽറ്റി അനുവദിക്കുകയും അത് ബ്ലാസ്റ്റേഴ്‌സ് ഗോളാക്കി മാറ്റുകയും ചെയ്‌തിരുന്നെങ്കിൽ അത് തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമായിരുന്നു. ആ പെനാൽറ്റി അപ്പീൽ നടക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു ഷോട്ടുകൾ ബാറിലടിച്ചു മടങ്ങിയിരുന്നു. ടീം സമനില ഗോളിനായി അത്രയും സമ്മർദ്ദം ചെലുത്തുന്ന സമയത്താണ് റഫറിയുടെ നിരാശപ്പെടുത്തുന്ന തീരുമാനം വന്നത്.

റഫറിയുടെ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്‌സിന് പണി കൊടുക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കിട്ടിയ പണി ആരും മറക്കാൻ സാധ്യതയില്ലാത്തതാണ്. അതിനു പുറമെ മുംബൈ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിലും റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി എടുക്കേണ്ട പല തീരുമാനങ്ങളും അനുവദിക്കാതിരുന്നിരുന്നു. തന്റെ പണി കൃത്യമായി എടുക്കാതിരുന്ന റഫറി നൽകിയ റിപ്പോർട്ടിൽ പ്രബീർ ദാസിന് മൂന്നു മത്സരങ്ങളിൽ വിലക്കും ലഭിച്ചു.

ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെട്ടു വരേണ്ട റഫറിമാർ വീണ്ടും വീണ്ടും തെറ്റായ തീരുമാനങ്ങൾ എടുക്കുന്നത് ആരാധകരിൽ കടുത്ത രോഷം ഉണ്ടാക്കുന്നുണ്ട്. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ ഓരോ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിനാണ് കൂടുതൽ തിരിച്ചടി നൽകുന്നത്. സെവൻസ് ഫുട്ബോളിൽ പോലും റഫറി നിൽക്കാൻ യോഗ്യതയില്ലാത്ത റഫറിമാരാണ് ഐഎസ്എല്ലിൽ ഉള്ളതെന്നും ഈ ലീഗ് ഒരിക്കലും മെച്ചപ്പെടാൻ പോകുന്നില്ലെന്നും ആരാധകർ പ്രതിഷേധിക്കുന്നു.

Referee Mistake Cost Kerala Blasters Again