അൽ നസ്ർ ഫാൻസിന്റെ സ്വീകരണം കണ്ടു ഞെട്ടി റൊണാൾഡോ, ആരാധകരുടെ ‘ഗോട്ട്’ റൊണാൾഡോ തന്നെ | Ronaldo

അൽ നസ്റിലേക്ക് ചേക്കേറാനുള്ള റൊണാൾഡോയുടെ തീരുമാനം താരത്തിന്റെ ആരാധകരെ വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി മികച്ച പ്രകടനം നടത്താൻ ഉറപ്പായും കഴിയുമെന്നിരിക്കെയാണ് അത്രയൊന്നും കേട്ടുകേൾവിയില്ലാത്ത സൗദി പ്രൊ ലീഗിലേക്ക് റൊണാൾഡോ ചേക്കേറുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായാണ് റൊണാൾഡോ അൽ നസ്റിൽ എത്തിയത്.

റൊണാൾഡോ യൂറോപ്പ് വിട്ടത് ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമായിരുന്നെങ്കിലും താരത്തെ സംബന്ധിച്ച് അത് മികച്ചൊരു തീരുമാനമായി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അൽ നസ്റിൽ വളരെയധികം സ്വാതന്ത്ര്യത്തോടെ കളിക്കുന്നത് റൊണാൾഡോക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും ലോകകപ്പിലും ഗോളുകൾ അടിക്കാൻ ബുദ്ധിമുട്ടിയ റൊണാൾഡോ ഈ സീസണിൽ ഗോൾവർഷമാണ് നടത്തുന്നത്.

അൽ നസ്റിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കിട്ടുന്ന പിന്തുണയും അവിശ്വസനീയമായ രീതിയിലാണ്. ദമാക്ക് എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ താരത്തിന് ആരാധകർ നൽകിയ സ്വീകരണം കണ്ടു റൊണാൾഡോ തന്നെ ഞെട്ടിപ്പോയെന്നതാണ് സത്യം. റൊണാൾഡോയെ ഒരു സൂപ്പർഹീറോയായി കാണിക്കുന്ന ടിഫോ മത്സരത്തിൽ ഉയർത്തിയ അൽ നസ്ർ ആരാധകർ മത്സരത്തിൽ റൊണാൾഡോ ഗോൾ നേടിയതിനു ശേഷം ‘ഗോട്ട്’ എന്ന് കാർഡുകൾ ഉയർത്തി എഴുതുകയും ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്കും പോർച്ചുഗൽ ദേശീയ ടീമിനും ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കി നൽകിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നാൽ ഈ ക്ലബുകളിൽ ഒരെണ്ണത്തിൽ നിന്നു പോലും ഇതുപോലെയൊരു സ്വീകരണം റൊണാൾഡോക്ക് ലഭിച്ചിട്ടുണ്ടാകില്ല. അതേസമയം അൽ നസ്റിൽ എത്തി ഒരു വർഷം പോലും പിന്നിടുന്നതിനു മുൻപ് ആരാധകർ റൊണാൾഡോ തന്നെ ഞെട്ടുന്ന രീതിയിലാണ് താരത്തെ വരവേൽക്കുന്നത്.

പുതിയ സീസൺ തുടങ്ങുന്നതിനു മുൻപ് ഇനി യൂറോപ്യൻ ഫുട്ബോളിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അൽ നസ്റിൽ തന്നെ വിരമിക്കാനാണ് പദ്ധതിയെന്നും റൊണാൾഡോ വ്യക്തമാക്കിയിരുന്നു. ആരാധകർ നൽകുന്ന സ്നേഹമാണ് താരത്തെ സൗദിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത് എന്നതു വ്യക്തമാണ്. എന്തായാലും ആരാധകരുടെ സ്നേഹത്തിനു പകരം നൽകാൻ റൊണാൾഡോക്കും കഴിയുന്നുണ്ട്. ഈ സീസണിൽ ഒരു കിരീടം നേടിയ അൽ നസ്‌റിനായി ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരമാണ് റൊണാൾഡോ.

Al Nassr Fans Unveil Tifo For Cristiano Ronaldo