റാമോസ് ബാഴ്‌സലോണ ഇതിഹാസമായെന്ന് ആരാധകർ, റയൽ മാഡ്രിഡ് താരങ്ങളെ തുരത്തിയോടിച്ച് മുൻ റയൽ നായകൻ | Sergio Ramos

ഒരുപാട് വർഷങ്ങൾക്ക് ശേഷം സെർജിയോ റാമോസ് റയൽ മാഡ്രിഡിനെതിരെ കളത്തിലിറങ്ങുന്നതിനെ കുറിച്ചാണ് ആരാധകർ കഴിഞ്ഞ ദിവസം ചർച്ച ചെയ്‌തിരുന്നത്‌. രണ്ടു സീസണുകൾക്ക് മുൻപ് റയൽ മാഡ്രിഡ് വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ താരം ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് സ്പെയിനിലേക്ക് തിരിച്ചെത്തിയത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു മുൻപ് താൻ കളിച്ച സ്‌പാനിഷ്‌ ക്ലബായ സെവിയ്യയിലേക്കാണ് റാമോസ് ചേക്കേറിയത്.

കഴിഞ്ഞ ദിവസം സെവിയ്യയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് റാമോസ് നടത്തിയത്. രണ്ടു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ സെവിയ്യക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് റാമോസായിരുന്നു. റയൽ മാഡ്രിഡ് ആക്രമണങ്ങളെ നിഷ്പ്രഭമാക്കിയ മുൻ റയൽ മാഡ്രിഡ് നായകൻ മത്സരത്തിൽ വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ താരങ്ങളെ അനങ്ങാൻ പോലും വിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മത്സരത്തിനിടയിൽ റയൽ മാഡ്രിഡ് താരങ്ങളോട് പോരടിക്കാനും റാമോസ് ഒരുങ്ങിയെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. മത്സരത്തിനിടയിൽ റയൽ മാഡ്രിഡ് പ്രതിരോധതാരമായ അന്റോണിയോ റുഡിഗറിന്റെ കവിളത്ത് പിടിച്ച് ചിരിപ്പിക്കാൻ വേണ്ടിയെന്ന പോലെ ബലപ്രയോഗം റാമോസ് നടത്തുകയുണ്ടായി. അതിനു പുറമെ സെവിയ്യ താരങ്ങളുമായി തർക്കിക്കാൻ പോയ ബ്രസീലിയൻ മുന്നേറ്റനിര താരം വിനീഷ്യസ് ജൂനിയറിനെ റാമോസ് തള്ളി മാറ്റുന്നതും മത്സരത്തിൽ കാണുകയുണ്ടായി.

റാമോസിന്റെ ഈ പ്രവർത്തികൾ കണ്ട് താരം ബാഴ്‌സലോണ ലെജൻഡായി മാറിയെന്നാണ് ആരാധകർ ട്വിറ്ററിൽ പറയുന്നത്. ബാഴ്‌സലോണയും സെവിയ്യയും തമ്മിൽ നടന്ന മത്സരത്തിൽ റാമോസ് അവസാനമിനുട്ടിൽ നേടിയ സെൽഫ് ഗോളിലാണ് ബാഴ്‌സലോണ വിജയം നേടിയത്. അതിനു പുറമെ ബാഴ്‌സലോണ താരമായ ഗാവിയെ മത്സരത്തിന് ശേഷം റാമോസ് വളരെ സ്നേഹത്തോടെ പുണരുകയും ചെയ്‌തിരുന്നു. ഇതൊക്കെയാണ് ആരാധകർ തമാശരൂപത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലത്തെ മത്സരത്തിൽ ഡേവിഡ് അലബയുടെ സെൽഫ് ഗോളിലൂടെ സെവിയ്യയാണ് മുന്നിലെത്തിയതെങ്കിലും അതിനു പിന്നാലെ റയൽ മാഡ്രിഡ് കർവാഹാളിലൂടെ തിരിച്ചടിച്ച് സമനില സ്വന്തമാക്കി. റയൽ മാഡ്രിഡിന്റെ ഈ സമനില ബാഴ്‌സലോണക്ക് സഹായമാകുമെന്നതിൽ സംശയമില്ല. അടുത്ത മത്സരത്തിൽ വിജയിച്ചാൽ റയലിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലായിരിക്കും ബാഴ്‌സലോണ. അടുത്ത വാരം എൽ ക്ലാസിക്കോ നടക്കുമെന്നതിനാൽ അതിലൂടെ അവർക്ക് മുന്നിലെത്താനും അവസരമുണ്ട്.

Sergio Ramos Fought With Real Madrid Players