ഇവാൻ തിരിച്ചെത്തുമ്പോൾ ദോവൻ ടീമിനൊപ്പമുണ്ടാകില്ല, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്ന നിലയിൽ മികച്ച റെക്കോർഡ് | Frank Dauwen

കഴിഞ്ഞ സീസണിന്റെ ഇടയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകോമനോവിച്ചിനെ എഐഎഫ്എഫ് വിലക്ക് നൽകുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് തന്റെ താരങ്ങളെ മൈതാനത്തു നിന്നും പിൻവലിച്ചതിനെ തുടർന്നാണ് ഇവാനെതിരെ എഐഎഫ്എഫ് നടപടി എടുത്തത്. പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ച ഇവാൻ അതിനു ശേഷം എഐഎഫ്എഫിനു കീഴിൽ നടന്ന ഒരു ടൂർണമെന്റിലും പിന്നീട് ടീമിനെ നയിച്ചിട്ടില്ല.

കഴിഞ്ഞ സീസണിലെ മൂന്നു സൂപ്പർകപ്പ് മത്സരങ്ങൾ, ഈ സീസണിലെ മൂന്നു ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ എന്നിവക്ക് പുറമെ നാല് ഐഎസ്എൽ മത്സരങ്ങളും പൂർത്തിയായതിനാൽ ഇവാൻ വുകോമനോവിച്ചിന്റെ പത്ത് മത്സരങ്ങളിലെ വിലക്ക് അവസാനിച്ചിരിക്കുകയാണ്. അടുത്ത മത്സരത്തിൽ സെർബിയൻ പരിശീലകൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നിയന്ത്രിച്ചു കൊണ്ട് മൈതാനത്തിന്റെ പുറത്തുണ്ടാകും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ആശാന്റെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്.

ഇവാൻ വുകോമനോവിച്ചിന്റെ അഭാവത്തിൽ ടീമിനെ നയിച്ച ദോവനു കീഴിൽ ടീമിന്റെ പ്രകടനം മികച്ചതായിരുന്നു. പ്രധാന താരങ്ങൾ ഇല്ലാതെയിറങ്ങിയ സൂപ്പർകപ്പിലും ഡ്യൂറൻഡ് കപ്പിലും ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തു പോയെങ്കിലും ഐഎസ്എല്ലിൽ ടീം മെച്ചപ്പെട്ട നിലയിലാണ്. നാല് മത്സരങ്ങളിൽ രണ്ടു വിജയം സ്വന്തമാക്കിയ ടീം മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങി. ആ മത്സരത്തിലും ഇന്നലെ സമനില വഴങ്ങിയ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മുൻതൂക്കമെന്നതിൽ സംശയമില്ല.

ഫ്രാങ്ക് ദോവനു കീഴിൽ ഇതുവരെ പത്ത് മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചിട്ടുള്ളത്. അതിൽ നാല് വിജയം ടീം സ്വന്തമാക്കിയപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയിലും മൂന്നു മത്സരങ്ങൾ തോൽവിയിലും അവസാനിച്ചു. അദ്ദേഹത്തിന് കീഴിൽ പത്തൊൻപത് ഗോളുകൾ ടീം നേടിയപ്പോൾ പതിനാലു ഗോളുകൾ വഴങ്ങുകയും ചെയ്‌തു. എന്നാൽ ഈ സീസൺ ഐഎസ്എല്ലിൽ പരിക്കും വിലക്കും റഫറിമാരുടെ തീരുമാനങ്ങളും തിരിച്ചടി നൽകിയ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം നേടാൻ കഴിയുന്ന പന്ത്രണ്ടു പോയിന്റിൽ ഏഴും സ്വന്തമാക്കാൻ അദ്ദേഹത്തിനായി.

അതേസമയം ഇവാന്റെ അഭാവത്തിൽ ടീമിനെ നല്ല രീതിയിൽ നയിച്ച ദോവൻ ഇവാൻ തിരിച്ചെത്തുമ്പോൾ ടീമിനൊപ്പം ഉണ്ടാകില്ലെന്നതിൽ ആരാധകർക്ക് നിരാശയുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ടു മഞ്ഞക്കാർഡുകൾ ലഭിച്ച ഫ്രാങ്ക് ദോവന് അടുത്ത മത്സരത്തിൽ വിലക്കുണ്ട്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലേ അദ്ദേഹത്തിന് ടീമിനൊപ്പം ഇരിക്കാൻ കഴിയുകയുള്ളൂ. ദോവന്റെ അഭാവം ആരാധകർക്ക് നിരാശയാണെങ്കിലും ഇവാൻ തിരിച്ചുവരുന്നത് വലിയ ആശ്വാസമാണ്.

Frank Dauwen To Miss Kerala Blasters Next Match