അർജന്റീന-ഫ്രാൻസ് താരങ്ങൾ തമ്മിൽ പോരടിച്ചു, ലോകകപ്പ് വിജയിച്ചത് ആരാണെന്നു കാണിച്ചു കൊടുത്ത് ഡിബാല | Paulo Dybala
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതിന്റെ വേദന ഫ്രഞ്ച് താരങ്ങൾക്കും അവരുടെ ആരാധകർക്കും ഒരുപാട് കാലമായി നിലനിൽക്കുന്നുണ്ട്. ലോകകപ്പിന് ശേഷം പിഎസ്ജി ആരാധകർ ലയണൽ മെസിക്കെതിരെ തിരിഞ്ഞത് അതിനുള്ള ഉദാഹരണമാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിന് ഫൈനൽ വിജയിക്കാൻ കഴിയാതിരുന്ന നിരാശ ഇപ്പോഴുമുണ്ടെന്ന് എംബാപ്പെയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
എന്തായാലും കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിലെ മത്സരത്തിനിടെയുണ്ടായ സംഭവങ്ങൾ ഖത്തർ ലോകകപ്പ് ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടുണ്ടായതാണോ എന്ന സംശയമുണ്ട്. ഇറ്റാലിയൻ ക്ലബുകളായ റോമയും ലാസിയോയും തമ്മിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരമായ മാറ്റിയോ ഗുണ്ടൂസിയും അർജന്റൈൻ താരമായ പൗളോ ഡിബാലയും തമ്മിലാണ് ചെറിയ തോതിൽ ഉരസൽ നടന്നത്.
Did you miss this yesterday?
Dybala and Guendouzi fight and the Argentine shows him his shinguard with a picture of the World Cup
— MR MONEY 🤑 (@Jaybraj1) April 7, 2024
റോമിലുള്ള രണ്ടു ക്ലബുകൾ തമ്മിലുള്ള മത്സരം നിരവധി സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് നടന്നിരുന്നത്. നാല്പത്തിരണ്ടാം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ ജിയാൻലൂക്ക മാൻസിനി നേടിയ ഗോളിൽ റോമ മത്സരത്തിൽ വിജയം സ്വന്തമാക്കിയിരുന്നു. ആ ഗോളിന് ശേഷം രണ്ടാം പകുതിയിലാണ് അർജന്റീന-ഫ്രഞ്ച് താരങ്ങൾ തമ്മിലുള്ള സംഘർഷം നടന്നത്.
കോർണർ ലൈനിനരികിൽ വച്ച് ഗുണ്ടൂസി ഡിബാലയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. റഫറി വന്ന് താരങ്ങളെ പിടിച്ചു മാറ്റിയതിനു ശേഷം ഗുണ്ടൂസിയുടെ അരികിൽ പോയി തന്റെ ഷിൻപാഡ് ഡിബാല ഉയർത്തിക്കാട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. അർജന്റീനയുടെ ലോകകപ്പ് നേട്ടം പതിച്ച ഷിൻപാഡാണ് ഡിബാല ധരിക്കാറുള്ളത്.
ഫ്രാൻസിനെതിരെ തങ്ങൾ വിജയിച്ചുവെന്ന് കാണിച്ച് താരത്തിന്റെ വായടപ്പിക്കുകയാണ് ഡിബാല ചെയ്തത്. ഇതിനു പുറമെ മത്സരത്തിന്റെ അവസാനവിസിൽ മുഴങ്ങിയപ്പോൾ ഗുണ്ടൂസിയുടെ മുന്നിൽ പോയി ഡിബാല ആഘോഷിക്കുകയും ചെയ്തിരുന്നു. മറ്റൊരു അർജന്റീന താരമായ ലിയാൻഡ്രോ പരഡെസുമായും ഗുണ്ടൂസി മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു.
Paulo Dybala Show His Shin Pad To Guendouzi