ഹാഫ്‌വേ ലൈനിൽ നിന്നൊരു ചിപ്പ്, ആഴ്‌സനലിനെ യൂറോപ്പ ലീഗിൽ വീഴ്ത്തിയത് അത്ഭുതഗോൾ

യുവേഫ യൂറോപ്പ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ആഴ്‌സണൽ തോൽവി വഴങ്ങി പുറത്തായത് ഏവരും അത്ഭുതപ്പെട്ട സംഭവമായിരുന്നു. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ യൂറോപ്പ ലീഗ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട ടീമാണെന്നിരിക്കെയാണ് പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിനോട് തോൽവി വഴങ്ങിയത്. രണ്ടു പാദമത്സരങ്ങളും സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലാണ് ആഴ്‌സണൽ പരാജയപ്പെട്ടത്.

മത്സരത്തിന് ശേഷം ആഴ്‌സനലിന്റെ തോൽവിക്കൊപ്പം ചർച്ചകളിൽ നിറയുന്ന സംഭവമാണ് സ്പോർട്ടിങ് ക്ലബിന് വേണ്ടി പോർച്ചുഗീസ് താരമായ പെഡ്രോ ഗോൻകാൽവസ് നേടിയ ഗോൾ. ആഴ്‌സണൽ ഒരു ഗോളിന് മുന്നിട്ടു നിൽക്കെയാണ് അറുപത്തിരണ്ടാം മിനുട്ടിൽ താരം സമനില ഗോൾ നേടുന്നത്. ഈ ഗോളാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീട്ടി സ്പോർട്ടിങ് ക്ലബിന് ആഴ്‌സണലിന് മേൽ അഭിമാനവിജയം സ്വന്തമാക്കി നൽകിയത്.

സ്പോർട്ടിങ്ങിന്റെ മുന്നേറ്റത്തിൽ ഹാഫ്‌വേ ലൈനിൽ പൗളീന്യോ നൽകിയ പന്ത് സ്വീകരിച്ച പെഡ്രോ ഗോൻകാൽവസ് അതുമായി ആഴ്‌സനലിനെ ഹാഫിലേക്ക് ഒന്ന് മുന്നേറിയതിനു ശേഷം പിന്നീട് നേരിട്ട് ഷോട്ടുതിർക്കുകയായിരുന്നു. ആഴ്‌സനൽ ടീമിന് വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന ആരോൺ റാംസ്‌ഡെൽ പൊസിഷൻ മാറി നിൽക്കുന്നതു കണ്ടു നടത്തിയ ആ ഉദ്യമം വിജയിച്ചു. ഇംഗ്ലീഷ് കീപ്പർ പരമാവധി ശ്രമിച്ചെങ്കിലും യാതൊരു അവസരവും നൽകാതെ പന്ത് വലയിലേക്ക് താഴ്ന്നിറങ്ങി.

ആ ഗോൾ വീണത് ആഴ്‌സനലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നു തന്നെ പറയാവുന്നതാണ്. ശൂന്യതയിൽ നിന്നെന്ന പോലെ വന്ന ആ ഗോളിനു പുറമെ രണ്ടു താരങ്ങൾക്ക് പരിക്ക് പറ്റിയതും ടീമിനെ ബാധിച്ചു. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിന്റെ ഷൂട്ടൗട്ടിൽ ഹീറോയായത് സ്പോർട്ടിങ് കീപ്പർ അന്റോണിയോ ആഡനാണ്. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ കിക്ക് തടഞ്ഞിട്ട് താരമാണ് സ്പോർട്ടിങ്ങിനെ വിജയത്തിലെത്തിച്ചത്.