റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് റാഷ്‌ഫോഡ്, ബ്രസീലിയൻ താരത്തിനു പിഴച്ചപ്പോൾ ആഴ്‌സണൽ പുറത്ത്

യുവേഫ യൂറോപ്പ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ ആഴ്‌സണൽ അപ്രതീക്ഷിതമായി പുറത്തായി. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിനെതിരെ ഒരു ഗോളിന്റെ വിജയം നേടി രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടി ക്വാർട്ടർ ഫൈനലിലെത്തിയപ്പോൾ ആഴ്‌സണൽ പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിനെതിരെ സമനില വഴങ്ങി ഷൂട്ടൗട്ടിലാണ് പുറത്തായത്. ഗബ്രിയേൽ മാർട്ടിനെല്ലി കിക്ക് നഷ്ടമാക്കിയതാണ് തോൽവിക്ക് കാരണമായത്.

റയൽ ബെറ്റിസിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരേയൊരു ഗോൾ മാർക്കസ് റാഷ്‌ഫോഡാണ് നേടിയത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡ് ഇംഗ്ലണ്ട് താരം സ്വന്തം പേരിലാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി യൂറോപ്പിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ആറാമത്തെ താരമെന്ന റെക്കോർഡാണ് റാഷ്‌ഫോഡ് സ്വന്തമാക്കിയത്. റൊണാൾഡോയുടെ പേരിൽ ഇരുപത്തിനാലു ഗോളുകളുള്ളപ്പോൾ റാഷ്‌ഫോഡ് ഒരു ഗോൾ മുന്നിലാണ്.

അതേസമയം ആഴ്‌സണൽ പുറത്തു പോയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് യൂറോപ്പ ലീഗ് കിരീടം നേടാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച ഫോമിൽ കളിച്ച് ഒന്നാം സ്ഥാനത്തു നിൽക്കെയാണ് ആഴ്‌സണൽ അപ്രതീക്ഷിതമായ തോൽ‌വിയിൽ പുറത്തു പോകുന്നത്. ഇതോടെ പ്രീമിയർ ലീഗ് കിരീടത്തിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയും. അഞ്ചു പോയിന്റ് പിന്നിൽ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്‌സണലിന് വലിയ സമ്മർദ്ദമുണ്ട്.

അതേസമയം യൂറോപ്പ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ആവശ്യമാണ്. പ്രീമിയർ ലീഗിൽ നിലവിൽ ടോപ് ഫോറിൽ നിൽക്കുകയാണെങ്കിലും കടുത്ത വെല്ലുവിളി മറ്റു ടീമുകൾ ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ടോപ് ഫോറിൽ നിന്നും പുറത്തു പോയാലും ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യൂറോപ്പ ലീഗ് കിരീടനേട്ടം കൊണ്ടു കഴിയും. എന്നാൽ യുവന്റസ്, മൗറീന്യോ പരിശീലകനായ റോമ എന്നീ ടീമുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.