പരിക്കേറ്റു പുറത്തിരുന്നത് നാലു മാസത്തിലധികം, 2024ൽ ബ്ലാസ്റ്റേഴ്‌സിനായി കൂടുതൽ ഗോൾപങ്കാളിത്തം പെപ്രക്ക്

ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സരത്തിൽ കേരളം ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ പിറന്നത് പകരക്കാരനായി ഇറങ്ങിയ ക്വാമേ പെപ്രയുടെ ഗോളിലൂടെയായിരുന്നു. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച സമയത്താണ് പെപ്രയുടെ ഗോൾ പിറന്നത്.

അപ്രതീക്ഷിതമായിരുന്നു പെപ്രയുടെ ഗോൾ പിറന്നത്. ബോക്‌സിന്റെ എഡ്‌ജിൽ നിന്നും പന്ത് സ്വീകരിച്ച താരം അത് പാസ് ചെയ്യുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ ഡിഫെൻഡറെയും ഗോൾകീപ്പറെയും കബളിപ്പിച്ച് താരം അത് ബോക്‌സിന്റെ മൂലയിലേക്ക് തൊടുത്തു.

ഈ സീസണിലെ ഐഎസ്എല്ലിൽ തന്റെ ആദ്യത്തെ ഗോൾ നേടിയ പെപ്രയുടെ കണക്കുകൾ അത്ഭുതപ്പെടുത്തുന്നതാണ്. 2024 പിറന്നതിനു ശേഷം ബ്ലാസ്റ്റേഴ്‌സിനായി കൂടുതൽ ഗോൾ പങ്കാളിത്തമുള്ള താരമാണ് പെപ്ര. എട്ടു മത്സരങ്ങളിൽ ഏഴു ഗോളും നാല് അസിസ്റ്റുമാണ് താരത്തിനുള്ളത്.

നിരവധി മത്സരങ്ങൾ പരിക്ക് കാരണം നഷ്‌ടമായിട്ടാണ് പെപ്ര ഈ കുതിപ്പ് നടത്തുന്നത്. ജനുവരിയിൽ പരിക്കേറ്റ താരത്തിന് കഴിഞ്ഞ സീസണിൽ ഇറങ്ങാൻ കഴിഞ്ഞില്ലായിരുന്നു. എന്നിട്ടും ഇത്രയും മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞുവെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്.

ഈ സീസണിനു മുൻപ് പെപ്രയെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. സ്റ്റാറെയുടെ പദ്ധതികൾക്ക് അത്ര അനുയോജ്യനല്ലാത്തതിനാൽ തന്നെ താരത്തെ ഒഴിവാക്കണമെന്ന് പലരും ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ നിർണായകമായ പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചു.