എന്തൊക്കെയാണ് ബ്ലാസ്റ്റേഴ്‌സിൽ നടക്കുന്നത്, രണ്ടു വിദേശതാരങ്ങൾ ക്ലബ് വിടാൻ സാധ്യത

ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാൻ വേണ്ടിയുള്ള കഠിനമായ പ്രയത്നത്തിലാണ്. പല പൊസിഷനിലേക്കും വിദേശതാരങ്ങളെയും ഇന്ത്യൻ താരങ്ങളെയും എത്തിക്കേണ്ടത് വരുന്ന സീസണിൽ മികച്ച പോരാട്ടം നടത്താൻ ടീമിന് അനിവാര്യമാണ്.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ്‌ പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്‌പാനിഷ്‌ താരമായ ജീസസ് ജിമിനസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ അതിൽ നിർത്താൻ ക്ലബ് ഒരുങ്ങിയിട്ടില്ല. ഒരു വിദേശതാരത്തെക്കൂടി സ്വന്തമാക്കാനുള്ള ചർച്ചകൾ ക്ലബ് നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ ഐഎസ്എൽ അനുശാസിക്കുന്ന രീതിയിൽ ആറു വിദേശതാരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിലുണ്ട്. പുതിയതായി രണ്ടു വിദേശതാരങ്ങൾ വരികയാണെങ്കിൽ നിലവീലുള്ള രണ്ടു താരങ്ങളെ ഒഴിവാക്കേണ്ടി വരും. മുന്നേറ്റനിര താരങ്ങളായ ക്വാമേ പെപ്ര, ജോഷുവ സോട്ടിരിയോ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തു പോകാൻ സാധ്യതയുള്ള താരങ്ങൾ.

പ്രീ സീസണിലും ഡ്യൂറൻഡ് കപ്പിലും മികച്ച പ്രകടനം നടത്താൻ പെപ്രക്ക് കഴിഞ്ഞെങ്കിലും പുതിയ പരിശീലകൻ സ്റ്റാറെയുടെ പദ്ധതികൾക്ക് താരം അനുയോജ്യനല്ല. പന്തടക്കം നിലനിർത്താൻ പോരായ്‌മകളുള്ള താരത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത് അതുകൊണ്ടാണ്. അതേസമയം തുടർച്ചയായ പേരുകളാണ് ജോഷുവ സോട്ടിരിയോക്ക് തിരിച്ചടി നൽകിയത്.

എന്തായാലും അവസാനദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. നിലവിലെ സൂചനകൾ പ്രകാരം ജീസസ് ജിമിനസ്, ഫെലിപ്പെ പാസാദോർ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്താൻ സാധ്യതയുള്ളത്. നാളെയോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.