ഈ ഫോമിലാണെങ്കിൽ യൂറോ കപ്പ് മറ്റാരും മോഹിക്കണ്ട, റോബർട്ടോ മാർട്ടിനസിനു കീഴിൽ എല്ലാ മത്സരവും വിജയിച്ച് പോർച്ചുഗൽ | Portugal

ഖത്തർ ലോകകപ്പിൽ നിരാശപ്പെടുത്തുന്ന രീതിയിലാണ് പോർച്ചുഗൽ ടീം പുറത്തായത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നിട്ടും അതിനനുസരിച്ചുള്ള കുതിപ്പ് കാണിക്കാൻ കഴിയാതിരുന്ന പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റാണ് പുറത്തു പോയത്. അതിനു ശേഷം പരിശീലകസ്ഥാനത്ത് സാന്റോസിനു പകരം റോബർട്ടോ മാർട്ടിനസ് എത്തുകയും ചെയ്‌തു.

റോബർട്ടോ മാർട്ടിനസ് പരിശീലകനായി എത്തിയതിനു ശേഷം ഗംഭീര കുതിപ്പിലാണ് പറങ്കിപ്പട. ലോകകപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും പോർച്ചുഗൽ ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒൻപത് ക്ലീൻഷീറ്റുകൾ നേടിയ ടീം നാൽപത്തിയൊന്ന് ഗോളുകൾ ഇത്രയും മത്സരങ്ങളിൽ അടിച്ചു കൂട്ടിയപ്പോൾ നാല് ഗോളുകൾ മാത്രമാണ് വഴങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോവോ കാൻസലോ, ജോവോ ഫെലിക്‌സ് തുടങ്ങിയ താരങ്ങൾ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയതെങ്കിലും സ്വീഡനെ തകർത്തു വിടാൻ അവർക്കു കഴിഞ്ഞു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പോർച്ചുഗൽ വിജയം നേടിയ മത്സരത്തിൽ റാഫേൽ ലിയാവോ, മാത്തേവൂസ് നുനസ്, ബ്രൂണോ ഫെർണാണ്ടസ്, ബ്രൂമ, ഗോൻകാലോ റാമോസ് എന്നിവരാണ് ഗോൾ നേടിയത്.

വളരെയധികം പ്രതിഭകളുള്ള ടീമാണ് പോർച്ചുഗൽ. എല്ലാ പൊസിഷനിലും ലോകോത്തര നിലവാരമുള്ള താരങ്ങളെ അണിനിരത്താൻ അവർക്ക് കഴിയും. എന്നാൽ അതിനനുസരിച്ചുള്ള പ്രകടനം അവർക്ക് കഴിഞ്ഞ രണ്ടു പ്രധാന ടൂർണമെന്റുകളിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മാർട്ടിനസ് പരിശീലകനായി എത്തിയതോടെ കാണിക്കുന്ന കുതിപ്പ് ടീമിന് വലിയൊരു പ്രതീക്ഷയാണ്.

പോർച്ചുഗലിന്റെ ഈ കുതിപ്പ് യൂറോ കപ്പ് വരാനിരിക്കെ അവർക്ക് പ്രതീക്ഷയാണ്. നിലവിലെ ഫോം യൂറോ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി അവരെ മാറ്റുന്നുണ്ട്. കിരീടം നേടാൻ കഴിവുള്ള താരനിരയും അവർക്കൊപ്പമുണ്ട്. വളരെയധികം പരിചയസമ്പത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ, പെപ്പെ എന്നിവരുടെ സാന്നിധ്യവും അതിനു കരുത്തേകുന്നു.

Portugal Won All Matches Under Roberto Martinez