കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുക ബുദ്ധിമുട്ടായിരുന്നു, ആരാധകരുടെ പിന്തുണ ഇപ്പോൾ മനസിലായെന്ന് പ്രീതം കോട്ടാൽ | Pritam Kotal

ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. പത്ത് വർഷത്തിനിടെ മൂന്നു ഫൈനൽ കളിച്ചിട്ട് ഒരിക്കൽ പോലും കിരീടം സ്വന്തമാക്കിയില്ലെങ്കിലും ടീമിന് പിന്നിൽ ആവേശത്തോടെ അണിനിരക്കുന്ന ആരാധകരാണ് ടീമിന്റേത്. ഈ ആരാധകപിന്തുണ കാരണം നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഒരിക്കലെങ്കിലും കളിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായി അങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതാണ് ഇന്ത്യൻ ഡിഫൻഡർ പ്രീതം കോട്ടാൽ. കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തു വിളിക്കുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ താരം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ കൊച്ചിയിൽ കഴിഞ്ഞ സീസണിൽ കളിച്ചതിന്റെ അനുഭവം വ്യക്തമാക്കുകയുണ്ടായി.

“കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഞാൻ മുൻപ് കളിച്ചപ്പോഴെല്ലാം അതൊരു ബുദ്ധിമുട്ടേറിയ അനുഭവമാണ് സമ്മാനിച്ചത്. ഇവിടെ കളിക്കുകയെന്നത് എല്ലായിപ്പോഴും ബുദ്ധിമുട്ടേറിയ അനുഭവം തന്നെയായിരുന്നു. ഇപ്പോൾ ഞാനിവിടെയാണ് കളിക്കുന്നത്. മഞ്ഞപ്പടയുടെയും കേരള ബ്ലാസ്റ്റേഴ്‌സ് ആർമിയുടെയും പിന്തുണ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്.” ജിഞ്ചർ മീഡിയയോട് പ്രീതം കോട്ടാൽ പറഞ്ഞു.

പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നെങ്കിലും അതിനെ സാധൂകരിക്കുന്ന പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. താരം ക്ലബിനൊപ്പം തുടരുമോ അതോ ഒഴിവാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പുതിയ പരിശീലകൻ എത്തിയതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അവസാനതീരുമാനം എടുക്കുക.

Pritam Kotal On Kerala Blasters Fans