പറഞ്ഞ വാക്കു പാലിച്ച് പ്രീതം കോട്ടാൽ, അവസാനനിമിഷം വരെ നടത്തിയത് മികച്ച പോരാട്ടം

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ചർച്ചയായ ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ ഒന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരമായ പ്രീതം കോട്ടാൽ മോഹൻ ബഗാനിലേക്ക് തിരിച്ചു പോകുന്നു എന്നത്. കഴിഞ്ഞ സീസണിന് മുന്നോടിയായി സഹൽ അബ്‌ദുൾ സമദിന്റെ നൽകി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്നതിനാൽ നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ മോഹൻ ബഗാനിലേക്കുള്ള പ്രീതത്തിന്റെ ട്രാൻസ്‌ഫർ നടന്നില്ല. പ്രീതത്തിനു പകരം ഒരു ദീപക്, അഭിഷേക് എന്നിവരിൽ ഒരാളെ വിട്ടു നൽകണമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യമാണ് ട്രാൻസ്‌ഫർ നടക്കാതെ പോയതിനുള്ള കാരണം. മോഹൻ ബഗാനിലേക്ക് തിരിച്ചു പോകാനുള്ള പ്രീതത്തിന്റെ ആഗ്രഹം കാരണവും താരത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു.

എന്നാൽ ആദ്യത്തെ മത്സരത്തിന് മുൻപ് ഈ വിമർശനങ്ങളെ അംഗീകരിക്കുന്നുവെന്നാണ് പ്രീതം പറഞ്ഞത്. പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിയാതിരിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമായ ഒന്നാണെന്നും തന്റെ പിഴവുകൾ തിരുത്താനുള്ള ശ്രമം നടത്തുമെന്നും ഇനിയും മെച്ചപ്പെടാനുള്ള കാര്യങ്ങൾ ചെയ്യുമെന്നുമാണ് പഞ്ചാബിനെതിരായ മത്സരത്തിന് മുൻപ് പ്രീതം പറഞ്ഞത്.

ഇന്നലെ നടന്ന മത്സരത്തിൽ വളരെ ആത്മാർത്ഥമായ പ്രകടനം തന്നെയാണ് താരത്തിൽ നിന്നും ഉണ്ടായത്. ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാൾ പ്രീതം ആയിരുന്നു. സെന്റർ ബാക്കായി കളിച്ച താരം അവസാന നിമിഷങ്ങളിൽ മുന്നിലേക്ക് കയറി ജീസസ് ജിമിനസ് നേടിയ ഗോളിന് വഴിയൊരുക്കിയ ഗംഭീര ക്രോസ് നൽകുകയും ചെയ്‌തു.

മത്സരത്തിൽ അസിസ്റ്റിനു പുറമെ ഒരു കീ പാസും നാല് ക്ലിയറൻസും മൂന്ന് ബ്ലോക്കും ഒരു ടാക്കിളും പ്രീതം കോട്ടാൽ നടത്തുകയുണ്ടായി. ഈ സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം തന്നിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുമെന്ന് പ്രീതം തെളിയിച്ചു. അതുകൊണ്ടു തന്നെ സെന്റർ ബാക്ക് സ്ഥാനത്ത് താരം തന്നെ തുടരാനാണ് സാധ്യത.