“അദ്ദേഹമുണ്ടെങ്കിൽ 2026ലെ ലോകചാമ്പ്യന്മാർ ഞങ്ങൾ തന്നെയാകും”- ബ്രസീൽ ടീം പരിശീലകനായി ആൻസലോട്ടിയെത്തുന്നതിനെ പിന്തുണച്ച് റിവാൾഡോ | Brazil

കഴിഞ്ഞ ഇരുപതു വർഷത്തിനിടയിൽ ഒരു ലോകകപ്പ് പോലും നേടാൻ കഴിയാത്ത ടീമാണ് ബ്രസീൽ. ഒരു ലോകകപ്പും നേടിയില്ലെന്നു മാത്രമല്ല, ഒരിക്കൽ പോലും ഫൈനലിൽ കളിക്കാനും അവർക്ക് കഴിഞ്ഞില്ല. സ്വന്തം നാട്ടിൽ വെച്ചു നടന്ന 2014 ലോകകപ്പിൽ സെമിയിൽ എത്തിയതാണ് ഇക്കാലയളവിൽ അവരെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. ഇത് ആരാധകരിൽ വലിയ അസംതൃപ്‌തി സൃഷ്‌ടിച്ചിട്ടുമുണ്ട്.

അർജന്റീന ഇക്കഴിഞ്ഞ ലോകകപ്പ് നേടിയതോടെ അടുത്ത ലോകകപ്പിനായി തീവ്രമായ ശ്രമം തന്നെ ബ്രസീൽ നടത്തുന്നുണ്ട്. അതിനു വേണ്ടി യൂറോപ്പിലെ മികച്ച പരിശീലകരെ നോട്ടമിട്ട അവർ ആൻസലോട്ടിയെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ആൻസലോട്ടിയുടെ വരവിനു വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിവാൾഡോയും അദ്ദേഹത്തെ പിന്തുണച്ചു.

“ആൻസലോട്ടി ബ്രസീലിലേക്ക്? ചരിത്രപരമായിരിക്കുമത്. അദ്ദേഹമായിരിക്കും ഞങ്ങളുടെ ആദ്യത്തെ വിദേശ കൊച്ചെന്നു കരുതുന്നു. അതിനു പുറമെ അദ്ദേഹമുണ്ടെങ്കിൽ 2026 ലോകകപ്പിൽ ഞങ്ങൾക്ക് കിരീടം സ്വന്തമാക്കാനും കഴിയും.” ബ്രസീൽ ടീമിനൊപ്പം ലോകകപ്പ് ഉയർത്തിയിട്ടുള്ള താരമായ റിവാൾഡോ കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ പറഞ്ഞു.

ആൻസലോട്ടി ഇപ്പോൾ റയൽ മാഡ്രിഡുമായി കരാർ നിലനിൽക്കുന്ന പരിശീലകനാണ്. എന്നാൽ അടുത്ത സീസൺ അവസാനിക്കുന്നതോടെ കരാർ അവസാനിച്ച് അദ്ദേഹം ബ്രസീലിലെത്താൻ സാധ്യതയുണ്ട്. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ പരിശീലകനായ ആൻസലോട്ടി ബ്രസീലിൽ എത്തിയാൽ ലോകകപ്പ് നേടി എല്ലാ തരത്തിലും തന്റെ കരിയർ പൂർത്തിയാക്കാനാകും ശ്രമിക്കുക.

Rivaldo Back Ancelotti Become Brazil Coach