പ്രതിരോധത്തിലേക്ക് അതിശക്തനെത്തുന്നു, ലോകറെക്കോർഡ് ട്രാൻസ്‌ഫറിനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി | Man City

സ്വപ്‌നമായിരുന്ന ചാമ്പ്യൻസ് ലീഗ് നേട്ടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിനു ശേഷം അടുത്ത സീസണിൽ അത് നിലനിർത്താനുള്ള നീക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പ്രതിരോധനിരയിലേക്ക് അതിശക്തനായ യുവതാരത്തെ എത്തിക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾ വിജയത്തിലേക്ക് അടുക്കുകയാണ്. ലീപ്‌സിഗ് താരമായ ജോസ്കോ ഗ്വാർഡിയോളിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

വെറും ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള ക്രൊയേഷ്യൻ താരം നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെൻട്രൽ ഡിഫൻഡർമാരിൽ ഒരാളാണ്. ഖത്തർ ലോകകപ്പിലെ മികച്ച പ്രതിരോധതാരമായി വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗ്വാർഡിയോളിനെ ലയണൽ മെസി വട്ടം കറക്കിയതും വാർത്തയായിരുന്നു. ലോകകപ്പിന് ശേഷം നിരവധി ക്ലബുകൾക്ക് താരത്തിൽ താൽപര്യമുണ്ടായിരുന്നു.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയും താരവും തമ്മിൽ പേഴ്‌സണൽ കരാറിൽ ധാരണയിൽ എത്തിയെന്നാണ് സ്കൈ സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നത്. അതിനു ശേഷം 90 മില്യൺ യൂറോയും ബോണസും നൽകാമെന്ന വാഗ്‌ദാനവും മാഞ്ചസ്റ്റർ സിറ്റി നൽകിയിട്ടുണ്ട്‌. രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയാൽ ഒരു സെൻട്രൽ ഡിഫെൻഡർക്ക് ഇതുവരെ ലഭിച്ച ഏറ്റവുമുയർന്ന ട്രാൻസ്‌ഫർ ഫീസായിരിക്കുമത്.

ഇടംകാലനായ ജോസ്കോ ഗ്വാർഡിയോളിന്റെ ട്രാൻസ്‌ഫർ പൂർത്തിയാകുന്നതോടെ പെപ് ഗ്വാർഡിയോളക്ക് ഏറ്റവും താൽപര്യമുള്ള ഒരു കളിക്കാരനാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള താരത്തിനെ വളരെക്കാലം ഉപയോഗിക്കാൻ പെപ്പിനു കഴിയും. അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് നിലനിർത്തിയാലും അത്ഭുതപ്പെടാനാവില്ല.

Man City Josko Gvardiol Agreed Personal Terms