എല്ലാ ഫുട്ബോൾ അക്കാദമികളിലും റൊണാൾഡോയുടെ അസിസ്റ്റ് കാണിക്കണം, നിർദ്ദേശവുമായി പോർച്ചുഗൽ പരിശീലകൻ

തുർക്കിക്കെതിരെ ഇന്നലെ നടന്ന യൂറോ കപ്പ് മത്സരത്തിൽ മികച്ച വിജയം നേടിയ പോർച്ചുഗൽ അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയിരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം നേടിയത്. ആദ്യത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച പോർച്ചുഗൽ ഇന്നലെ തങ്ങളുടെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയാണ് മികച്ച വിജയം നേടിയത്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റ് ഏറെ ചർച്ചയായി മാറിയിരുന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ എളുപ്പത്തിൽ ഗോളടിക്കാനുള്ള അവസരം ഉണ്ടായിട്ടും അത് സഹതാരമായ ബ്രൂണോ ഫെർണാണ്ടസിന് നൽകുകയായിരുന്നു റൊണാൾഡോ. ഒഴിഞ്ഞ പോസ്റ്റിലേക്ക് അത് തട്ടിയിട്ട് ഗോളാക്കുക മാത്രമേ ബ്രൂണൊക്ക് വേണ്ടിയിരുന്നുള്ളൂ.

മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ റൊണാൾഡോയുടെ അസിസ്റ്റ് ലോകത്തിലെ ഫുട്ബോൾ അക്കാദമിയിൽ കാണിക്കണമെന്നാണ് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനസ് പറഞ്ഞത്. റൊണാൾഡോ ഒരു മാതൃകയാണെന്നും ടീമാണ് ഏറ്റവും വലുതെന്ന സന്ദേശമാണ് ആ അസിസ്റ്റിലൂടെ റൊണാൾഡോ നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ അസിസ്റ്റ് നൽകിയതോടെ യൂറോയിലെ മറ്റൊരു റെക്കോർഡ് കൂടി റൊണാൾഡോക്ക് സ്വന്തമായി. യൂറോപ്യൻ ടൂർണമെന്റുകളിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡാണ് എട്ടാമത്തെ അസിസ്റ്റോടെ റൊണാൾഡോ നേടിയത്. യൂറോ കപ്പിൽ ഏറ്റവുമധികം ഗോളുകളെന്ന നേട്ടവും റൊണാൾഡോയുടെ പേരിൽ തന്നെയാണ്.

മത്സരത്തിലെ മൂന്നാമത്തെ ഗോളിനുള്ള അസിസ്റ്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയത്. ഈ മത്സരത്തിലെ മികച്ച പ്രകടനത്തോടെ പോർച്ചുഗൽ തങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടാകും എന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ അത്ര മികച്ച പ്രകടനം നടത്താൻ കഴിയാതെ പോകാതിരുന്ന പോർച്ചുഗലിന് ഒരു വഴിത്തിരിവ് തന്നെയാകും ഈ മത്സരം.