ആരും പ്രതീക്ഷിക്കാത്ത പൊസിഷനിലേക്ക് ബോൾ നൽകി കിടിലൻ അസിസ്റ്റ്, 1200ആം മത്സരം ആഘോഷിച്ച് റൊണാൾഡോ | Ronaldo

കരിയറിലെ 1200ആമത്തെ മത്സരം ആഘോഷിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ അൽ നസ്‌റും അൽ റിയാദും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റൊണാൾഡോയുടെ ടീമായ അൽ നസ്ർ വിജയിച്ചത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി റൊണാൾഡോ ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയുണ്ടായി.

മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിൽ റൊണാൾഡോയുടെ ഷോട്ട് കൈകൊണ്ടു തടുത്തതിന് പെനാൽറ്റി ലഭിച്ചില്ലെങ്കിലും അതിനു പരിഹാരം മുപ്പത്തിയൊന്നാം മിനുട്ടിൽ തന്നെ താരം ഉണ്ടാക്കി. സാഡിയോ മാനെ ബോക്‌സിലേക്ക് നൽകിയ പന്ത് വലയിലേക്ക് തട്ടിയിട്ട് റൊണാൾഡോ ടീമിന്റെ ആദ്യത്തെ ഗോൾ നേടി. അതിനു പിന്നാലെ അതിമനോഹരമായി ഒട്ടാവിയോയുടെ ഗോളിന് താരം അസിസ്റ്റ് നൽകുകയും ചെയ്‌തു.

ആദ്യപകുതിയിൽ പിറന്ന രണ്ടു ഗോളുകൾക്ക് ശേഷം രണ്ടാം പകുതിയിൽ ടീമിന്റെ രണ്ടു ഗോളുകൾ നേടിയത് ബ്രസീലിയൻ താരം ആൻഡേഴ്‌സൺ ടാലിസ്‌കയായിരുന്നു. ഒരു ഗോളിന് മാനെ അസിസ്റ്റ് നൽകി മത്സരത്തിൽ തന്റെ അസിസ്റ്റ് നേട്ടം രണ്ടാക്കി ഉയർത്തി. മറ്റൊരു ഗോളിന് അസിസ്റ്റ് നൽകിയത് സുൽത്താൻ അൽ ഗന്നം ആയിരുന്നു. അൽ റിയാദിലെ ആശ്വാസഗോൾ ആന്ദ്രേ ഗ്രെയുടെ വകയായിരുന്നു.

റൊണാൾഡോ, മാനെ, ടാലിസ്‌ക ത്രയം ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയായി മാറിയിരിക്കുന്നു എന്ന് അവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. കരിയറിൽ 1200ആമത്തെ മത്സരത്തിൽ ഇറങ്ങിയ റൊണാൾഡോ ടീമിനായി മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 791 വിജയം സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

സൗദി പ്രൊ ലീഗിൽ ഈ സീസണിൽ ഇരുപത്തിനാലു ഗോളുകളിൽ പങ്കാളിയായ റൊണാൾഡോ ഗോളുകളുടെ എണ്ണത്തിലും അസിസ്റ്റുകളുടെ എണ്ണത്തിലും ഒന്നാമതാണ്. പതിനാറു ഗോളുകൾ റൊണാൾഡോ നേടിയപ്പോൾ മിട്രോവിച്ച് പതിനാലു ഗോളുകളുമായി രണ്ടാമതുണ്ട്. അതേസമയം എട്ട് അസിസ്റ്റുകളാണ് റൊണാൾഡോ ലീഗിൽ നേടിയത്. നിലവിൽ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസ്ർ.

Ronaldo Goal And Assist For Al Nassr